ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് സൂചനയുമായി സ്പാനിഷ് സൂപ്പര്‍ താരം
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഈ സീസണില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ് സ്പാനിഷ് താരം ജോസെബ ബെയ്റ്റിയ. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ കിബു വികൂനയുടെ പ്രിയശിഷ്യനെന്ന് അറിയപ്പെടുന്ന ബെയ്റ്റിയ കഴിഞ്ഞ സീസണില്‍ ഐലീഗില്‍ മോഹന്‍ ബഗാനെ കിരീടത്തില്‍ ഏറ്റാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
നിലവില്‍ മോഹന്‍ ബഗാനിന്റെ ഭാഗമാണെങ്കില്‍ അടുത്ത സീസണില്‍ ക്ലബ് വിടുമെന്ന് ബെയ്റ്റിയ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. എ.ടി.കെയുമായി മോഹന്‍ ബഗാന്‍ ലയിച്ചതോടെ അടുത്ത സീസണില്‍ പുതിയ ടീമാകും ഉണ്ടാകുക.
അതെസമയം ഹബാസ് പരിശീലിപ്പിക്കുന്ന എടികെ-മോഹന്‍ ബഗാനില്‍ നിന്ന് ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ബെയ്റ്റിയ പറയുന്നു. അടുത്ത സീസണിനായി വിവിധ ക്ലബുകളുമായി ചര്‍ച്ചകളിലാണ് താനെന്നും എന്നാല്‍ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ബെയ്റ്റിയ കൂട്ടിചേര്‍ത്തു.
അടുത്തസീസണിലും ഇന്ത്യയില്‍ തന്നെ കളിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പറഞ്ഞു.
കഴിഞ്ഞ ഐ-ലീഗില്‍ മൂന്ന് ഗോളും ഒമ്പത് അസിസ്റ്റുമായാണ് ബെയ്റ്റിയ ബഗാനായി സ്വന്തമാക്കിയത്. എ.ടി.കെയുമായി മോഹന്‍ ബഗാന്‍ ലയിച്ചതോടെ ബഗാന്‍ പരിശീലകനായിരുന്ന കിബു വിക്കുന കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നു. ഇതോടെയാണ് ബെയ്റ്റിയ ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന സൂചന ശക്തമാകുന്നത്.