അർജന്റീനയുടെ പുത്തൻമെസിയെ റാഞ്ചാനൊരുങ്ങി സ്പെയിൻ, ഉടൻ ശ്രമമമാരംഭിക്കുമെന്നു സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്

സൂപ്പർതാരം ലയണൽ മെസ്സിയോടുപമിക്കാനുതകുന്ന കളിശൈലിയുള്ള യുവതാരമാണ് ലൂക്ക റൊമേറോ. ലാലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുള്ള യുവപ്രതിഭയാണ് റൊമേറോ. വെറും പതിനഞ്ച് വയസ്സുള്ളപ്പോഴാണ് താരം ലാലിഗയിൽ അരങ്ങേറ്റം കുറിച്ചത്. ഈ കഴിഞ്ഞ ജൂലൈയിൽ റയൽ മാഡ്രിഡിനെതിരെയായിരുന്നു താരം റയൽ മയ്യോർക്കക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

മയ്യോർക്കയിലെത്തും മുമ്പ് തന്നെ മെസ്സിയുടെ കളിശൈലിയോട് സാമ്യമുള്ള താരത്തെ മാധ്യമങ്ങൾ മെക്സിക്കൻ മെസിയെന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയിരുന്നു. താരം മെക്സിക്കോയിലായിരുന്നു ജനിച്ചത്. താരത്തിന്റെ മാതാപിതാക്കൾ അർജന്റീനക്കാരായിരുന്നുവെങ്കിലും താരം കളിച്ചു വളർന്നത് സ്പെയിനിലായിരുന്നു. മയ്യോർക്കയിലൂടെ ഉയർന്നു വന്ന താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ.

റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറഷൻ മാനേജ്മെന്റ് കമ്മീഷൻ പ്രസിഡന്റ്‌ ആയ മികേൽ ബെസ്റ്ററാണ് ഇക്കാര്യം വെളിപ്പടുത്തിയത്. താരത്തെ സ്പെയിനിന് വേണ്ടി കളിപ്പിക്കാൻ മാതാപിതാക്കളുമായി ഒട്ടേറെ തവണ സംസാരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അർജന്റീനക്ക് വേണ്ടി യൂത്ത് ടീമുകളിൽ റൊമേറോ കളിച്ചിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹമെന്നും താരം മനസു തുറന്നിരുന്നു.

എങ്കിലും താരത്തെ സ്പെയിനിന് വേണ്ടി കളിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. “അവന്റെ കുടുംബത്തിന് അവൻ അർജന്റീനക്ക് വേണ്ടി കളിച്ചു കാണാനാണ് ആഗ്രഹം എന്നെനിക്കറിയാം. അത്‌ ചെറിയ രീതിയിൽ പ്രശ്നമാണെങ്കിലും പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുമുണ്ട്. പക്ഷെ ഞങ്ങൾക്കാണ് മുൻ‌തൂക്കമുള്ളത്. എന്തെന്നാൽ അവൻ സ്പെയിനിൽ ആണു താമസിക്കുന്നത്” ബെസ്റ്റർ ഐബി ത്രീ ടിവിയോട് വ്യക്തമാക്കി.

You Might Also Like