ട്വിസ്റ്റോട് ട്വിസ്റ്റ്; നാണക്കേടിന്റെ പടുകുഴിയിൽ നിന്നും സ്‌പെയിൻ ജയിച്ചു കയറിയതിങ്ങനെ

Image 3
Euro 2020

യൂറോകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടം കണ്ട മത്സരത്തിൽ അവസാന വിജയം സ്പെയിനിനൊപ്പം. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ ജയം ഇരുവശത്തും മാറിമറിഞ്ഞപ്പോൾ എക്സ്ട്രാ ടൈമിലാണ് സ്‌പെയിനിന്റെ വിജയം.

ഇരുപതാം മിനിറ്റിൽ സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമന്റെ മണ്ടത്തരം മൂലം പിറന്ന സെല്ഫ് ഗോളിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുത്തത്. കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 20ആം മിനിറ്റിൽ മധ്യനിരതാരം പെഡ്രി നൽകിയ ലോങ്ങ് ബാക്ക് പാസ് അലക്ഷ്യമായി കൺട്രോൾ ചെയ്യാൻ നോക്കിയ സ്പാനിഷ് ഗോൾ കീപ്പർക്ക് അമ്പേ പിഴച്ചു. പന്ത് ഗോൾ കീപ്പറുടെ കാലിൽ തട്ടി സ്വന്തംവലയിലേക്ക്.

വീഡിയോ കാണാം

https://twitter.com/ss4yoo/status/1409547658990166024?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1409547658990166024%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Findianexpress.com%2Farticle%2Fsports%2Ffootball%2Fuefa-euro-2020-r16-spain-vs-croatia-live-score-streaming-7379945%2F

സ്‌കൂൾ കുട്ടികൾക്ക് പോലും പറ്റാത്ത അബദ്ധത്തിൽ കളിയുടെ ഗതിക്ക് വിപരീതമായി ഗോൾ പിറന്നതോടെ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചു. ഒന്നു രണ്ട് മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും സ്പെയിൻ പതിയെ ആഘാതത്തിൽ നിന്നും മുക്തരായി.

37 ആം മിനിറ്റിൽ പാബ്ലോ സെർബിയയിലൂടെ സ്‌പെയിൻ മത്സരത്തിലേക്ക് തിരിച്ചുവന്നു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിടയിൽ ഒന്നിലധികം തവണ സ്പാനിഷ് താരങ്ങളുടെ ഷോട്ടുകൾ ക്രൊയേഷ്യൻ ഗോൾ കീപ്പർ തടഞ്ഞിട്ടു. എന്നാൽ പന്ത് കാലിൽ കിട്ടിയ സെർബിയ ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് വലയിയലെത്തിച്ചു. 2012ന് ശേഷം സ്‌പെയിൻ ഒരു മേജർ ടൂർണമെന്റിന്റെ നോക്ക്ഔട്ട് റൗണ്ടിൽ നേടുന്ന ആദ്യ ഗോൾ.

ഗോൾ മടക്കിയതിന്റെ ആത്മവിശ്വാസവുമായി രണ്ടാം പകുതിയിലും ആക്രമണം തുടർന്ന സ്പെയിൻ 56ആം മിനിറ്റിൽ ലീഡ് നേടി. ഇടതു വിങ്ങിൽ നിന്ന് ഫെറാൻ ടോറസ് നൽകിയ ക്രോസിൽ സ്പാനിഷ് ഫുൾബാക് ആസ്പിലികെറ്റയുടെ ബുള്ളറ്റ് ഹെഡർ വലയിൽ.

66ആം മിനുട്ടിൽ ഗോൾ മടക്കാനുള്ള ക്രൊയേഷ്യൻ ശ്രമം ഉനായ് സിമന്റെ മിന്നൽ സേവിൽ നിഷ്‌ഫലമായി.തുടക്കത്തിലേ അബദ്ധത്തിന് ഗംഭീരമായ പ്രായശ്ചിത്തം.

സമനില നേടാനുള്ള ക്രൊയേഷ്യൻ ശ്രമത്തിനിടെ അടുത്ത ആഘാതം 77ആം മിനുട്ടിൽ ലഭിച്ചു. പോ ടോറസ് എടുത്ത ഫ്രീകിക്ക് മാഞ്ചസ്റ്റർ സിറ്റി താരം ഫെറാൻ ടോറസിന്റെ കാലുകളിലേക്ക്. പന്തുമായി ക്രൊയേഷ്യൻ ബോക്സിലേക്ക് കുതിച്ച ടോറസ് ഡിഫൻഡർമാരെ മറികടന്ന് ഗോൾ വലയിലെത്തിച്ചു. രണ്ടു ഗോൾ ലീഡിൽ സ്പെയിൻ ജയമുറപ്പിച്ചെന്നു തന്നെ കരുതി.

വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ചു ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോൾ 85ആം മിനിറ്റിലെത്തി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ സൂപ്പർ സബ്ബായി എത്തിയ ഓർസിചായിരുന്നു ക്രൊയേഷ്യക്കായി ലക്‌ഷ്യം കണ്ടത്.

92ആം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് ഓർസിച് നൽകിയ മനോഹരമായ ക്രോസിൽ തലവച്ച് പസിലിച് സമനില ഗോൾ നേടി. ആറു മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി ക്രൊയേഷ്യ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി. എക്സ്ട്രാ ടൈമിലും ട്വിസ്റ്റുകൾ അവസാനിച്ചില്ല.

എക്സ്ട്രാ ടൈമിന്റെ പത്താം മിനിറ്റിൽ തന്നെ മൊറാട്ടയിലൂടെ സ്പെയിൻ തിരിച്ചടിച്ചു. ഡാനി ഒൽമൊയുടെ ക്രോസ് കാലിൽ കൊരുത്തു മനോഹരമായ വോളിയിലൂടെ മൊറാട്ട നേടിയ ഗോൾ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു.

മൂന്ന് മിനിറ്റിനകം തന്നെ സ്‌പെയിൻ ക്രൊയേഷ്യയുടെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ഡാനി ഓമയുടെ പാസ് സ്വീകരിച്ച ഒയർസബാൽ ക്ലിനിക്കൽ ഫിനിഷിലൂടെ സ്‌കോർ ചെയ്തപ്പോൾ ക്രൊയേഷ്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ സ്പെയിന് ഗംഭീര ജയത്തോടെ ക്വാർട്ടർ പ്രവേശനം. ഫ്രാൻസും, സ്വിട്സർലാൻഡുമായി നടക്കുന്ന മത്സരത്തിലെ വിജയിയെയാണ് സ്‌പെയിൻ ക്വാർട്ടറിൽ നേരിടേണ്ടത്.