ഗോൾമഴതീർത്ത് സ്പാനിഷ് കാളക്കൂറ്റന്മാർ, ജർമനിയെ സമനിലയിൽ കുരുക്കി സ്വിറ്റ്സർലാന്റ്

സൂപ്പർ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ യൂറോപ്യൻ വമ്പൻമാരായ സ്പെയിനിന് അത്യുജ്ജ്വലവിജയം. യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ്‌ നാലിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് കാളകൂറ്റന്മാർ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഉക്രൈനെ തോൽപ്പിച്ചത്. ഇരട്ടഗോളുകൾ നേടിയ സെർജിയോ റാമോസാണ് സ്പെയിനിന്റെ ഹീറോ.

ഒരു ഗോൾ കണ്ടെത്തിയ വളർന്നു വരുന്ന യുവതാരം അൻസു ഫാറ്റിയും അത്യുജ്ജ്വല പ്രകടനമാണ് കാഴ്ച്ചവെച്ചത്. നാലാം ഗോൾ ഫെറാൻ ടോറസ് കണ്ടെത്തി. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് സ്പെയിനിന്റെ യുവനിര കാഴ്ച്ചവെച്ചത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താൻ സ്പെയിനിനു സാധിച്ചു. കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആണ് സ്പെയിനിനു നേടാനായത്. മൂന്ന് പോയിന്റോടെ ഉക്രൈനാണ് രണ്ടാമത്.

അതേ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ജർമ്മനിക്ക് വീണ്ടും സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ മത്സരത്തിൽ ജർമ്മനിയും സ്പെയിനും സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് സ്വിറ്റ്സർലാന്റിനോടും സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ആദ്യപകുതിയിൽ ആധിപത്യം നേടിയ ജർമനിക്ക് പതിനാലാം മിനുട്ടിൽ ഗുണ്ടോഗനാണ് ലീഡ് നേടികൊടുത്തത്.

എന്നാൽ ആദ്യത്തെ പതർച്ചക്ക് ശേഷം മികച്ചരീതിയിൽ തിരിച്ചു വന്ന സ്വിറ്റ്സർലാന്റ് 58-ആം മിനിറ്റിൽ തിരിച്ചടിക്കുകയായിരുന്നു. സിൽവൻ വിഡ്മറാണ് സ്വിസ് പടയ്ക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ജർമനിയെക്കാൾ കൂടുതൽ മികച്ചു നിന്നതും അവ്സസരങ്ങൾ സൃഷ്ടിച്ചതും സ്വിറ്റ്‌സർലാന്റ് ആണെങ്കിലും വല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ ജർമ്മനി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണുള്ളത്.രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റ് മാത്രമാണ് ജർമ്മനിയുടെ സമ്പാദ്യം.

You Might Also Like