ബ്ലാസ്റ്റേഴ്‌സിന് പകരം സുഡുവയ്ക്കായി കളിക്കാന്‍ എസ്ഡി പറഞ്ഞു, ക്രൊയേഷ്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഡാമിര്‍ സോവ്‌സിച്ചിന്റെ കാര്യത്തില്‍ വഴിത്തിരിവ്. താന്‍ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കില്ലെന്നും മറ്റൊരു ഐഎസ്എല്‍ ക്ലബിനായി പന്ത് തട്ടിയേക്കാമെന്നും സോവ്‌സിച്ച് വെളിപ്പെടുത്തി.
ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാത്തതിന് കാരണം സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് ആണെന്നാണ് സോവ്‌സിച്ച് പറയുന്നത്. താന്‍ കരോളിസുമായി സംസാരിച്ചെന്നും അദ്ദേഹം ആഗ്രഹിക്കുന്നത് താന്‍ ബ്ലാസ്റ്റേഴ്‌സിന് പകരം ലിത്വാനിയന്‍ ക്ലബ് സുഡുവയില്‍ കളിക്കാനാണെന്നുമാണ് സോവ്‌സിച്ച് പറയുന്നത്. കരോളിസിന്റെ മുന്‍ ക്ലബാണ് സുഡുവ.
എന്നാല്‍ തനിക്ക് താല്‍പര്യം ഇന്ത്യയില്‍ പന്ത് തട്ടാനാണെന്നും ഈ സീസണില്‍ മറ്റൊരു ഇന്ത്യന്‍ ക്ലബിനായി കളിക്കുമെന്നും സോവ്‌സിച്ച് പറയുന്നു. കരോളിസിനോട് സംസാരിച്ച ശേഷം ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനുളള താല്‍പര്യം നഷ്ടമായെന്നും സോവ്‌സിച്ച് സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് വരുന്നതായി സൂചിപ്പിച്ചും സോവ്‌സിച്ച് രംഗത്തെത്തിയിരുന്നു.
പ്രശസ്ത ക്രോയേഷ്യന്‍ ക്ലബ്ബുകളായ എന്‍ കെ സാഗ്രെബ്, ഡൈനാമോ സാഗ്രബ് എന്നിവിടങ്ങളില്‍ പന്ത് തട്ടിയിട്ടുളള താരമാണ് സോവ്‌സിച്ച്. ഇസ്രായേലി ക്ലബ്ബായ ഹേപല്‍ ടെല്‍ അവീവിന് വേണ്ടിയും ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബോസ്‌നിയയിലാണ് ജനിച്ചതെങ്കിലും ക്രൊയേഷ്യയുടെ അണ്ടര്‍ 21 ടീമിന്റെ ജേഴ്‌സിയും താരം അണിഞ്ഞിട്ടുണ്ട്.