ജഡേജയും അശ്വിനും ഇറങ്ങാതിരുന്നാല്‍ അത് ചരിത്രപരമായ മണ്ടത്തരമാകും, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി കളത്തിലിറങ്ങണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സൗത്താംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും സ്പിന്നര്‍മാര്‍ക്കായിരിക്കും പിന്തുണയെന്നും സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.
മത്സരത്തിന്റെ അന്നത്തെ കാലാവസ്ഥ പ്രവചനവും വെയിലുണ്ടാകുമെന്നാണെന്നും ഇതും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നതാണ് നല്ലതെന്ന സൂചനയാണ് നല്‍കുന്നതെന്നും ഗവാസ്‌കര്‍ പറയുന്നു.
അശ്വിനും ജഡേജയും കളിക്കുകയാണെങ്കില്‍ അത് ബാറ്റിംഗിനും പിന്തുണയാകുമെന്നും എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ ഇതായിരിക്കില്ല സ്ഥിതിയെന്നും പിച്ചും കാലാവസ്ഥയും നോക്കിയായിരിക്കും തീരുമാനം എന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി മത്സരത്തിനിറങ്ങിയാല്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കളിക്കും. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഈ രണ്ട് സ്പിന്നര്‍മാര്‍ മാത്രമാണുള്ളത്.
ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്.