; )
ഏകദിന ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടാനുളള ദക്ഷിണാഫ്രിക്കയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിയ്ക്ക് പുറമെ മോശം ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഐസിസിയുടെ നടപടിയും ദക്ഷിണാഫ്രിക്ക നേരിട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പെനാള്‍റ്റിയായി ഒരു പോയിന്റ് ഐസിസി കുറച്ചു. ഇതോടെ ഏകിദിന സൂപ്പര്‍ ലീഗില്‍ ദക്ഷിണാഫ്രിക്കയുടെ പോയിന്റ് 79 ല്‍ 78 ആയി കുറഞ്ഞു.
നിലവില്‍ പോയിന്റ് ടേബിളില്‍ വിന്‍ഡീസിന് പുറകില്‍ ഒമ്പതാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുള്ളത്. ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളായിരിക്കും ലോകകപ്പിന് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക. മറ്റുള്ള ടീമുകള്‍ സിംബാബ്വെയില്‍ നടക്കുന്ന യോഗ്യത റൗണ്ടില്‍ കളിക്കേണ്ടി വരും. ആതിഥേയരായ ഇന്ത്യ അടക്കം ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള ടീമുകള്‍ യോഗ്യത ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
ശേഷിച്ച ഒരു സ്ഥാനത്തിനായാണ് പോരാട്ടം നടക്കുന്നത്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ തമ്മിലാണ് എട്ടാം സ്ഥാനത്തിനുള്ള പോരാട്ടം തുടരുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ട് ഏകദിനമാണ് ഇനി സൗത്താഫ്രിക്കയ്ക്ക് ശേഷിക്കുന്നത്. ഇതില്‍ രണ്ടിലും വിജയിച്ചാലും ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയില്‍ ശ്രീലങ്ക 3-0 ന് വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ കുഴപ്പത്തിലാകും. ശ്രീലങ്ക ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയും ചെയ്യും.
ബംഗ്ലാദേശിനെതിരായ രണ്ട് പരമ്പരകളാണ് അയര്‍ലന്‍ഡിന് മുന്‍പിലുള്ളത്. ഇതില്‍ ഒരു പരമ്പര സൂപ്പര്‍ ലീഗിന്റെ ഭാഗമല്ല. മേയില്‍ നടക്കുന്ന പരമ്പരയില്‍ 3-0 ന് വിജയിക്കുകയും ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡ് വിജയിക്കുകയും ചെയ്താല്‍ ശ്രീലങ്കയെയും ദക്ഷിണാഫ്രിക്കയെയും പിന്നിലാക്കികൊണ്ട് അയര്‍ലന്‍ഡിന് യോഗ്യത നേടാം.