കില്ലര്‍ മില്ലര്‍, ഹസരങ്കയുടെ ഹാട്രിക്ക പാഴായി, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ പ്രോട്ടീസിന് ആവേശജയം

ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ആവേശജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. തോല്‍വി ഉറപ്പിച്ചിടത്ത് നിന്നും അവസാന ഓവറില്‍ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റിന്റെ മികച്ച ജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 142 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക ഒരു പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. റബാഡയും ഡേവിഡ് മില്ലറുമായിരുന്നു ക്രീസില്‍. ലാഹിരു കുമാര എറിഞ്ഞ ആദ്യ പന്ത് റബാഡ സിംഗിളെടുത്തു. രണ്ടാം പന്തിലും മൂന്നാം പന്തിലും മികല്ലര്‍ സിക്‌സ് നേടുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ രണ്ടായി കുറഞ്ഞു. നാലാം പന്ത് മില്ലര്‍ സിംഗിള്‍ സ്വന്തമാക്കുകയും അഞ്ചാം പന്ത് റബാഡ ബൗണ്ടറി അടിച്ച് വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

നേരത്തെ അനായാസ വിജയത്തിലേക്കെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയെ ഹസരങ്കയുടെ ഹാട്രിക്കാണ് കുഴപ്പിച്ച് കളഞ്ഞത്. 14ാം ഓവറിന്റെ അവസാന പന്തില്‍ മര്‍ക്കരത്തെ പുറത്താക്കിയ ഹസരങ്ക പിന്നീട് പന്തെറിയാനെത്തിയത് 17ാം ഓവറിലായിരുന്നു. ഈ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ടെംമ്പ ബവുമയേയും പ്രീറ്റോറിയസിനേയും വിക്കറ്റിന് മുന്നില്‍ കുടുക്കുകയയായിരുന്നു ഹസരങ്ക. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണ് ഹസരങ്ക സ്വന്മാക്കിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി 46 പന്തില്‍ 46 റണ്‍സെടുത്ത ബവുമായാണ് ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 13 പന്തില്‍ രണ്ട് സിക്‌സ് സഹിതം 23 റണ്‍സും റബാഡ ഏഴ് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 13 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക ഹാട്രിക്ക് സ്വന്തമാക്കിയത്. ചമേര നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ 58 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 72 റണ്‍സെടുത്ത ഓപ്പണര്‍ പാത്തും നിസാന്‍ങ്കയുടെ മികവിലാണ് ശ്രീലങ്ക 142ലെത്തിയത്. 21 റണ്‍സെടുത്ത അസലങ്ക മാത്രമാണ് ലങ്കന്‍ ഓപ്പണര്‍ പിന്തുണ നല്‍കിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി പ്രിറ്റോറിയസും തബ്രിസ് ശംസിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.നോര്‍ജെ രണ്ട് വിക്കറ്റു സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണാഫ്രിക്ക സെമി സാധ്യത സജീവമാക്കി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി നാല് പോയന്റോടെ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്ക്കാകട്ടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്.

You Might Also Like