വെടിക്കെട്ട് ടി20 സെഞ്ച്വറിയുമായി ബാബര്‍ അസം, ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് പാകിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ പാകിസ്ഥാന് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പാകിസ്ഥാന്‍ രണ്ട് ഓവര്‍ ബാ്ക്കി നില്‍ക്കെ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് പാകിസ്ഥാന്‍ മുന്നിലെത്തി.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 204 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ആണ് പാക്കിസ്ഥാന്‍ മറികടന്നത്. പാകിസ്ഥാനായി ബാബര്‍ അസം 59 പന്തില്‍ 122 റണ്‍സും മുഹമ്മദ് റിസ്വാന്‍ 47 പന്തില്‍ പുറത്താകാതെ 73 റണ്‍സും നേടി. എട്ട് റണ്‍സുമായി ഫഖര്‍ സമാന്‍ പുറത്താകാതെ നിന്നു.
ഒന്നാം വിക്കറ്റില്‍ 197 റണ്‍സാണ് ബാബര്‍ റിസ്വാന്‍ കൂട്ടുകെട്ട് നേടിയത്. ലിസാഡ് വില്യംസിനാണ് ബാബര്‍ അസമിന്റെ വിക്കറ്റ്. ബാബര്‍ അസമിന്റെ ആദ്യ ടി20 സെഞ്ച്വറിയാണിത്. 49 പന്തിലാണ് ഏകദിനത്തില്‍ ഒന്നാം റാങ്കായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ബാബര്‍ സെഞ്ച്വറി തികച്ചത്.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കായി ജന്നേമാന്‍ മലാനും അയദിന്‍ മാര്‍ക്കരമും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 31 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതമാണ് മാര്‍ക്കരത്തിന്റെ അര്‍ധ സെഞ്ച്വറി.