വെടിക്കെട്ടിന് പുതിയ ഭാഷ്യം തീര്‍ത്ത് ലൂയിസ്, പ്രോട്ടീസിനെ തച്ചുതകര്‍ത്ത് വിന്‍ഡീസ്

ലോക ടി20 ക്രിക്കറ്റില്‍ മുടിചൂടാമന്നന്‍മാര്‍ തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വന്‍ ജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 161 റണ്‍സ് വിജയ ലക്ഷ്യം വെറും 15 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് വെസ്റ്റിന്‍ഡീസ് ആധികാരിക ജയം സ്വന്തമാക്കിയത്.
എവിന്‍ ലൂയിസ് ടോപ് ഓര്‍ഡറില്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍മാരായ ആന്‍ഡ്രേ ഫ്‌ലെച്ചറും എവിന്‍ ലൂയിസും 7 ഓവറില്‍ 85 റണ്‍സാണ് നേടിയത്.
19 പന്തില്‍ 30 റണ്‍സ് നേടിയ ഫ്‌ലെച്ചറെ ആദ്യം നഷ്ടമായെങ്കിലും ലൂയിസ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. താരം പുറത്താകുമ്പോള്‍ 35 പന്തില്‍ 71 റണ്‍സാണ് ലൂയിസ് നേടിയത്. 7 സിക്‌സുകളും താരം നേടി.
ലൂയിസ് പുറത്താകുമ്പോള്‍ വിന്‍ഡീസ് 124 റണ്‍സാണ് നേടിയത്. പിന്നീട് ക്രിസ് ഗെയിലും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് ടീമിനെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചു. ഗെയില്‍ പുറത്താകാതെ 32 റണ്‍സും 12 പന്തില്‍ പുറത്താകാതെ 23 റണ്‍സും നേടി ആന്‍ഡ്രേ റസ്സലും വിന്‍ഡീസിനെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 160 റണ്‍സ് സ്വന്തമാക്കിയത്. പുറത്താകാതെ 38 പന്തില്‍ 56 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും 37 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കുമാണ് ദക്ഷിണാഫ്രിക്കയെ ഈ സ്‌കോറിലേക്ക് നയിച്ചത്. ടെംബ ബാവുമ 22 റണ്‍സും റീസ ഹെന്‍ഡ്രിക്‌സ് 17 റണ്‍സും നേടി.
11 ഓവറില്‍ 95/2 എന്ന നിലയില്‍ വലിയ സ്‌കോറിലേക്ക് നീങ്ങുമെന്ന് ദക്ഷിണാഫ്രിക്ക കരുതിയെങ്കിലും പിന്നീടുള്ള ഓവറുകളില്‍ വിക്കറ്റുകളുമായി വിന്‍ഡീസ് മത്സരത്തില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ഡ്വെയിന്‍ ബ്രാവോയും ഫാബിയന്‍ അല്ലനും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.