ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നു, കടുത്ത നടപടി

ദക്ഷിണാഫ്രിക്കയെ ഐസിസി രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ സാധ്യത. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ രാജ്യഭരണ സംവിധാനം ഇടപെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് പുറത്തു പോകാന്‍ സാധ്യതയേറുന്നത്.

സൗത്ത് ആഫ്രിക്കന്‍ സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ ആന്റ് ഒളിമ്പിക് കമ്മിറ്റിയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ ഏറ്റെടുത്തത്.

കുറച്ചു കാലങ്ങളായി തുടരുന്ന ബോര്‍ഡിന്റെ കെടുകാര്യസ്ഥതയുടെയും സാമ്പത്തിക തിരിമറികളുടെയും അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ബോര്‍ഡിനെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടീമില്‍ വര്‍ണ വെറി നിലനില്‍ക്കുന്നുണ്ടെന്ന മുന്‍ താരങ്ങളുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് ക്രിക്കറ്റ് സൗത്താഫ്രിക്കയെ പിരിച്ചുവിട്ടത്. ബോര്‍ഡിന്റെ ആക്ടിങ് സിഇഒ അടക്കം ഭരണച്ചുമതലയിലുള്ള മുഴുവന്‍ പേരോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബോര്‍ഡിലെ കെടുകാര്യസ്ഥതയെപ്പറ്റി അന്വേഷണം നടത്താന്‍ ശ്രമിച്ചപ്പോള്‍ കടുത്ത എതിര്‍പ്പ് അനുഭവിക്കേണ്ടി വന്നു എന്ന് സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ ആന്റ് ഒളിമ്പിക് കമ്മിറ്റി പറയുന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ കായികമന്ത്രി ഇടപെടണമെന്ന് കമ്മറ്റി അഭ്യര്‍ത്ഥിച്ചിരുന്നു.

You Might Also Like