അന്ന് അര്‍നോള്‍ഡിനോട് ഗാംഗുലി പൊട്ടിത്തെറിച്ചത് എന്തിനായിരുന്നു, ആ സംഘര്‍ഷത്തിലേക്കൊരു തിരിഞ്ഞ് നോട്ടം

ജയറാം ഗോപിനാഥ്

30 സെപ്റ്റംബര്‍ 2002, കൊളംബോ. ICC ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. ഇന്ത്യ VS ശ്രീലങ്ക.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ 4 വിക്കറ്റുകള്‍ വീണു കഴിഞ്ഞിരുന്നു. ജയവര്‍ധനയും, റസ്സല്‍ അര്‍നോള്‍ഡും ബാറ്റ് ചെയ്യുന്നു. കുംബ്ലെ എറിഞ്ഞ 40 ആം ഓവറിലെ അവസാന പന്തിനെ അര്‍നോള്‍ഡ്, ഗള്ളിയിലേക്ക് ലേറ്റ് കട്ട് ചെയ്യുന്നു. തുടര്‍ന്ന്, മുന്‍പോട്ടു നടന്ന് ഇറങ്ങിയ, അര്‍നോള്‍ഡിനോട്, വിക്കറ്റ് കീപ്പ് ചെയ്തു കൊണ്ടിരുന്ന ദ്രാവിഡ്, പിച്ചിലേക്കു ചൂണ്ടിക്കാട്ടി എന്തോ പറയുന്നു.

അടുത്ത നിമിഷം നമ്മള്‍ കാണുന്നത്, കവര്‍ പോയിന്റില്‍ ഫീല്‍ഡ് ചെയ്തു കൊണ്ടിരുന്ന ദാദ അര്‍നോള്‍ഡിന് നേരെ നടന്ന് അടുക്കുന്നതാണ്. കൈ ചൂണ്ടി കൊണ്ട് വാണിംഗ് കൊടുക്കുന്ന മാതിരി അര്‍നോള്‍ഡിനോട് കയര്‍ക്കുന്ന ദാദയെയാണ് പിന്നീട് കാണുന്നത്. അര്‍നോള്‍ഡും വിട്ട് കൊടുക്കാന്‍ ഭാവമില്ല.. വാഗ്വാദം മുറുകുന്നതിനിടെ, അമ്പയര്‍ ഡേവിഡ് ഷേപ്പേര്‍ഡ് ഇടപെടുന്നു. കോപം ശമിക്കാതെ, അര്‍നോല്‍ഡിനെ ചൂണ്ടി, ലെഗ് അമ്പയര്‍ സ്റ്റീവ് ബക്ക്‌നറോടും തര്‍ക്കിക്കുന്ന ദാദയെ തുടര്‍ന്ന് കാണാം.

എന്തായിരുന്നു അന്ന് ദാദയെ ഇത്രയ്ക്കും ചൊടിപ്പിച്ചത്?? അതിനെക്കുറിച്ച് പറയാം.
ക്രിക്കറ്റ് പിച്ചിന് മധ്യത്തില്‍, അതായത് രണ്ട് ക്രീസുകളില്‍ നിന്നും ഏകദേശം 5 അടി കഴിഞ്ഞു മുന്‍പോട്ടുള്ള ഭാഗത്തെ (ചതുര ആകൃതിയില്‍ 2 അടി വീതിയില്‍ ) Restriced Area അഥവാ Danger Area of the Pitch എന്നാണ് പറയുന്നത്.

ഈ ഡയിഞ്ചര്‍ ഏരിയയില്‍ വീഴുന്ന ഫുട്മാര്‍ക്ക്, പിച്ചിനെ ബൗളിംഗ് ടീമിന് അനുകൂലമാക്കി മാറ്റാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ബൗള്‍ ചെയ്തുകൊണ്ട് ഈ ഏരിയയിലേക്ക് ഓടി കയറുന്ന ബൗളര്‍മാരെയും , റണ്ണിംഗ് സമയത്ത് ഈ ഏരിയയിലൂടെ ഓടുന്ന ബാറ്റ്‌സ്മാന്‍മാരെയും അമ്പയര്‍ വാണ്‍ ചെയ്യാറുണ്ട്. എന്നാല്‍, തങ്ങളുടെ ഇന്നിങ്‌സ് അവസാനിക്കാറാകുമ്പോള്‍, അമ്പയറിന്റെ കണ്ണില്‍പ്പെടാതെ, സൂത്രത്തില്‍ ഒന്ന് രണ്ട് സ്റ്റെപ് മുന്‍പോട്ടു നടന്നിറങ്ങി ഈ ഏരിയയില്‍ ഫുട്മാര്‍ക്ക് ഉണ്ടാക്കാന്‍ ചില ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കാറുണ്ട്. തങ്ങള്‍ ബൗള്‍ ചെയുമ്പോള്‍ ഈ ഫുട് മാര്‍ക്ക് ഉപകാരപ്പെടുമെന്ന് അവര്‍ക്കു നന്നായി അറിയാം.

ഇതേ സൂത്രപണിയായിരുന്നു, തങ്ങളുടെ ഇന്നിങ്‌സ് 40 ഓവറുകളിലേക്ക് കടന്നപ്പോള്‍, അര്‍നോള്‍ഡും കാട്ടിയത്. ഇന്ത്യ ചെയ്‌സിന് ഇറങ്ങുമ്പോള്‍, പിച്ചിലെ ഫുട്മാര്‍ക്കുകള്‍, മുരളിയും, കുമാരധര്‍മ്മസേനയും, ഉപുല്‍ ചന്ദനയും, ജയസൂര്യയും അടങ്ങുന്ന ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ എങ്ങനെ വിദഗ്ദമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ഉപയോഗിക്കുമെന്ന് ദാദയ്ക്ക് നന്നായി അറിയാമായിരുന്നു. എന്നും മുന്നില്‍ നിന്നും ടീമിനെ നയിച്ചിരുന്ന ദാദയെ, അര്‍നോള്‍ഡിന്റെ ഈ പ്രവൃത്തി ശരിക്കും ചൊടിപ്പിച്ചു. പോരാത്തതിന്, ചാമ്പ്യന്‍സ് ട്രോഫി ഫൈനലും…

അര്‍നോള്‍ഡിനെ അങ്ങനെയങ്ങു വെറുതെ വിടാന്‍ നമ്മുടെ ദാദയ്ക്കാവുമോ??
അതെ.. ദാദ അങ്ങനെയായിരുന്നു.. സച്ചിന്റെ അചഞ്ചലതയോ, ദ്രാവിഡിന്റെ ശാന്തതയൊ, ലക്ഷ്മണന്റെ ഉപചാരുതയൊ അയാളില്‍ നമ്മുക്ക് പ്രതീക്ഷിക്കാനാവില്ല…

അയാള്‍ Aggressive ആയിരുന്നു…
Sensitive ആയിരുന്നു…
Emotional ആയിരുന്നു…സര്‍വ്വോപരി ടീമിനെ മുന്‍പില്‍ നിന്ന് നയിച്ച Inspirational Leader ആയിരിന്നു.

അതുകൊണ്ട് തന്നെ, Gentleman’s Game ന്റെ ചട്ടകൂട്ടില്‍ അയാളെ ഒരിയ്ക്കലും തളച്ചിടാന്‍ ആവില്ലായിരുന്നു. Still, he is the most loveable Indian Captain. ദാദയെ കുറിച്ച് ഒരിക്കല്‍ സ്റ്റീവ് വോ പറഞ്ഞത്കൂടി എഴുതിക്കൊണ്ട് അവസാനിപ്പിക്കാം
‘When you see an Indian side with Ganguly in the line-up. You know it’s GAME-ON. You don’t have to like or dislike him. You have to respect him’.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like