ക്രിക്കറ്റ് ലോകം മുഴുവന്‍ ഭരിക്കാന്‍ ഞാനില്ല, ഊഹാപോഹങ്ങള്‍ തള്ളി ഗാംഗുലി

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. താന്‍ മത്സരിക്കും എന്ന ഊഹാപോഹങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തി.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് താന്‍ മത്സരിക്കാനില്ലെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്.

‘നോക്കൂ, ഇതൊക്കെ ഊഹാപോഹങ്ങളാണ്. തീരുമാനമെല്ലാം ബിസിസിഐ എടുക്കേണ്ടതിനാല്‍ ഇത് എന്റെ കൈയിലല്ല’ ഗാംഗുലി പറഞ്ഞു.

ഇതോടെ അടുത്ത ഐസിസി അധ്യക്ഷന്‍ ആരാധകുമെന്ന കാര്യത്തില്‍ ആകാംക്ഷ മുറുകി. ബിസിസിഐയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരാള്‍ ഐസിസി തലപ്പത്തേയ്ക്ക് വരണമെന്നാണ് ആഗ്രഹം. 2023-ല്‍ ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ, ബിസിസിഐ തങ്ങളുടേതായ ഒരാളെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിലെ ഉന്നത സ്ഥാനത്ത് കാണാനാണ് ആഗ്രഹിക്കുന്നത്.

അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഒരാള്‍ തന്നെയാകും ഐസിസി ചെയര്‍മാനായി എത്തുക. അതാരാണെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.

You Might Also Like