രോഹിത്തിന്റേയും കോഹ്ലിയുടേയും ടീം ഇന്ത്യയിലെ ഭാവിയെന്ത്?, നിലപാട് വ്യക്തമാക്കി ഗാംഗുലി

ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയും മുന്‍ നായകന്‍ വിരാട് കോഹ്ലിയേയും പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് ഇരുവരും മോശം ഫോമില്‍ ബാറ്റേന്തുന്നത്. എന്നാല്‍ ലോകകപ്പിന് മുമ്പ് രോഹിത്തും കോഹ്ലിയും ഏറ്റവും മികച്ച ഫോമിലേക്ക് മടങ്ങിയെത്തും എന്നാണ് ഗാംഗുലി പറയുന്നത്.

‘രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടേയും ഫോമിനെ കുറിച്ച് എനിക്ക് യാതൊരു ആശങ്കയുമില്ല. ഇരുവരും വളരെ മികച്ച താരങ്ങളാണ്. വമ്പന്‍ താരങ്ങളാണ്. ടി20 ലോകകപ്പ് ഏറെ അകലെയാണ്, ടൂര്‍ണമെന്റിന് മുമ്പ് ഇരുവരും മികച്ച ഫോമിലെത്തുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്’ എന്നും ബിസിസിഐ പ്രസിഡന്റ് മിഡ് ഡേയോട് പറഞ്ഞു.

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 12 മത്സരങ്ങളില്‍ 18.17 ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. 125.29 സ്ട്രൈക്ക് റേറ്റ് മാത്രമേ രോഹിത്തിനുള്ളൂ. ഒരു തവണ പൂജ്യത്തില്‍ പുറത്തായപ്പോള്‍ അഞ്ച് തവണ രണ്ടക്കം കാണാതെ മടങ്ങി. ഈ സീസണില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ രോഹിത്തിനായിട്ടില്ല . പ്ലേ ഓഫ് കാണാതെ മുംബൈ പുറത്താവുകയും ചെയ്തു.

ആര്‍സിബിയ്ക്കായി മോശം പ്രകടനമാണ് മുന്‍ നായകന്‍ വിരാട് കോഹ്ലിയും കാഴ്ചവെക്കുന്നത്. റണ്‍ മെഷീന്‍ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന കോലി 13 കളിയില്‍ 19.67 ശരാശരിയിലും 113.46 സ്ട്രൈക്ക് റേറ്റിലും 236 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഐപിഎല്‍ കരിയറില്‍ 14 സീസണിനിടെ കോലിയുടെ ഏറ്റവും മോശം പ്രകടനമാണിത്.

You Might Also Like