ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

Image 3
CricketTeam India

നിലവിലെ ടീം ഇന്ത്യയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം ആരെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഒരു യൂട്യൂബ് ഷോയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.

ടീം ഇന്ത്യയില്‍ ഗാംഗുലിയുടെ ഏറ്റവും പ്രിയപ്പെട്ട താരം യുവതാരം റിഷഭ് പന്താണത്രെ. ഏറെ മുഖവുരയോടെയാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇന്ത്യന്‍ ടീമില്‍ നിരവധി മികച്ച കളിക്കാരുണ്ട്. ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ അവരില്‍ ആരെയെങ്കിലും ഒരാളുടെ പേര് ഞാന്‍ പറയുന്നത് ശരിയല്ല. എല്ലാവരും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരും. വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ബാറ്റിംഗ് ഞാന്‍ ആസ്വദിക്കാറുണ്ട്’ ഗാംഗുലി പറഞ്ഞു.

അതിന് ശേഷമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരത്തെ കുറിച്ച് ഗാംഗുലി വാചാലനായത്.

പക്ഷെ, എനിക്കേറ്റവും ആസ്വദ്യകരമായി തോന്നുന്നത് റിഷഭ് പന്തിന്റെ ബാറ്റിംഗാണ്. അയാള്‍ ഒരു പരിപൂര്‍ണ മാച്ച് വിന്നറാണ്. അതുപോലെ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മികച്ച കളിക്കാരാണ്. അതുപോലെ ഷര്‍ദ്ദുല്‍ lാക്കൂറിനെ എനിക്ക് ഇഷ്ടമാണ്. കാരണം, രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ധൈര്യവും ചങ്കുറപ്പും ഷര്‍ദ്ദുലിനുണ്ട്-ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്റാവുന്നതിന് മുമ്പ് 2019ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മെന്ററായിരുന്ന ഗാംഗുലി റിഷഭ് പന്തിനെ നല്ലരീതിയില്‍ പിന്തുണച്ചിരുന്നു. 2020ല്‍ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായപ്പോഴും ഗാംഗുലിയും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗും റിഷഭ് പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.