ആ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് തന്നെ ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിച്ചത്, തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം

തന്നെ ക്രിക്കറ്റ് കളിക്കാന്‍ പ്രചോദിപ്പിച്ചത് രണ്ട് ഇന്ത്യന്‍ ഇതിഹാസങ്ങളാണെന്ന വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ടലര്‍. ഇന്ത്യയുടെ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയേയും രാഹുല്‍ ദ്രാവിഡിനെയുമാണ് തന്നെ പ്രചോദിപ്പിച്ച താരങ്ങളായി ബട്ട്ലര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

‘സൗരവ് ഗാംഗുലിയേയും രാഹുല്‍ ദ്രാവിഡുമാണ് എന്റെ പ്രിയപ്പെട്ട താരങ്ങള്‍. 1999ലെ ലോക കപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഗാംഗുലിയും ദ്രാവിഡും സെഞ്ച്വറികള്‍ നേടിയ ഇന്നിംഗ്സ് എന്നില്‍ വലിയ മാറ്റം ഉണ്ടാക്കി. അന്നത്തെ മത്സരത്തിലാണ് ഇന്ത്യന്‍ കാണികളെ ഞാന്‍ ആദ്യമായി കാണുന്നത്. കളിയില്‍ അവര്‍ക്കുള്ള അഭിനിവേശം ഞാന്‍ തിരിച്ചറിഞ്ഞത് അവിടെ നിന്നാണ്. ലോകകപ്പ് കളിക്കാനുള്ള ആഗ്രഹവും ഉടലെടുത്തത് അവിടെ നിന്നാണ്’ ബട്ട്‌ലര്‍ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരെ 1999 ല്‍ നടന്ന ആ മത്സരത്തില്‍ ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 318 റണ്‍സ് കണ്ടെത്തിയിരുന്നു. ഗാംഗുലി 183 റണ്‍സ് എടുത്തപ്പോള്‍ ദ്രാവിഡ് 145 റണ്‍സ് നേടി. ഇന്ത്യ മുന്നോട്ടുവെച്ച 373 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 216 റണ്‍സിന് പുറത്തായിരുന്നു.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് ടീമിലെ സജീവ സാന്നിധ്യമാണ് ബട്ട്ലര്‍. 50 ടെസ്റ്റില്‍ നിന്ന് 2728 റണ്‍സും 148 ഏകദിനത്തില്‍ നിന്ന് 3872 റണ്‍സും 79 ടി20യില്‍ നിന്ന് 1723 റണ്‍സും ബട്ട്ലറിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ബട്ടലര്‍ 65 മത്സരങ്ങളില്‍ നിന്നായി 1968 റണ്‍സ് നേടിയിട്ടുണ്ട്.

You Might Also Like