അവനെ പുറത്താക്കിയത് ഇരട്ടനീതി, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്ക് രംഗത്ത്. മായങ്കിനെ പുറത്താക്കിയത് തെറ്റായ സന്ദേഷം നല്‍കുമെന്നാണ് കാര്‍ത്തിക് പറയുന്നത്. സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിവസം സ്വകാര്യ ടിവി ചാനലിനായി കമന്ററി ചെയ്യുന്നതിനിടേയാണ് കാര്‍ത്തിക് ടീം സെലക്ഷനെ വിമര്‍ശിച്ചത്.
മികച്ച ബാറ്റിംഗ് ശരാശരിയുളള മായങ്കിനെ രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് കാര്‍ത്തിക് തുറന്ന് പറയുന്നത്. ശുഭ്മാന്‍ ഗില്ലിന് പകരം മയങ്ക് അഗര്‍വാളിനെ സിഡ്‌നി ടെസ്റ്റില്‍ കളിപ്പിക്കേണ്ടിയിരുന്നു എന്നാണ് കാര്‍ത്തിക് പറയുന്നത്.
പരിക്ക് മാറി രോഹിത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തിയപ്പോളായിരുന്നു മയങ്ക് അഗര്‍വാളിന് ഇന്ത്യന്‍ ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായത്. ടീമിന്റെ ഉപനായകനായാണ് രോഹിത്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മയങ്ക് അഗര്‍വാള്‍, ഇതു വരെ 13 ടെസ്റ്റുകളിലാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 53 ശരാശരിയില്‍ 1005 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും, 3 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് മായങ്കിന്റെ ഇന്നിംഗ്‌സ്.
അതെസമയം ഒന്നാം ദിനം ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. മഴ 30 ഓവര്‍ കളിയെടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിന് 162 എന്ന നിലയിലാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.