മെസിക്കുള്ളത് ബ്രസീലിയൻ ശൈലി, അർജൻറീന നായകനെ പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം

അർജൻറീനിയൻ നായകനായ ലയണൽ മെസിയെ പ്രശംസിച്ച് ബ്രസീലിന്റെ ഇതിഹാസ താരമായ സെ റോബർട്ടോ. മെസി ചരിത്രം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നും അതു പൂർണമാക്കാൻ താരം ലോകകിരീടം നേടണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്നും സെ റോബർട്ടോ പറഞ്ഞു. ടൈക് സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരം മെസിയെക്കുറിച്ചു സംസാരിച്ചത്.

“ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിൽ പൂർണനാകാൻ മെസി ലോകകിരീടം കൂടി നേടണം. അതു സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്. അതു മാത്രമാണ് അദ്ദേഹത്തിന് കരിയറിൽ നേടാനാവാതെ പോയിരിക്കുന്നത്. പെലെ മറഡോണ എന്നിവർക്കൊപ്പം നിൽക്കുന്ന താരമാണു മെസി. അദ്ദേഹത്തിനെതിരെ കളിച്ചിട്ടുള്ളതു കൊണ്ടു തന്നെ മറഡോണയേക്കാൾ മികച്ചതാണു മെസിയെന്നാണ് എന്റെ അഭിപ്രായം.”

“ബ്രസീലിൽ നെയ്മറേക്കാൾ കൂടുതൽ മെസിയെ ആരാധിക്കുന്ന നിരവധി പേരുണ്ട്. അദ്ദേഹത്തിന്റെ ശൈലി ബ്രസീലിയൻ താരങ്ങളുടേതിനു സമാനമാണ്. നിരവധി തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട മെസിക്ക് ഇനിയും പത്തു വർഷത്തോളം ഇതേ തലത്തിൽ മികവു കാണിക്കാൻ കഴിയും.” സെ റോബർട്ടോ പറഞ്ഞു.

യൂറോപ്പിൽ റയൽ മാഡ്രിഡ്, ബയേൺ എന്നീ പ്രമുഖ ക്ലബുകളിൽ കളിച്ചിട്ടുള്ള സെ റോബർട്ടോ ഒരു ലാലിഗയും ഒരു ചാമ്പ്യൻസ് ലീഗും നിരവധി ബുണ്ടസ് ലിഗ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിനൊപ്പം രണ്ടു തവണ വീതം കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ് വിജയങ്ങളിലും താരം പങ്കാളിയായി.

You Might Also Like