ഇന്ത്യയുടെ ‘ചേസിംഗ് റാണി’; രോഹിത്തിനും, കൊഹ്‌ലിക്കുമൊപ്പം ഇനി സ്‌മൃതി മന്ദാനയും

Image 3
CricketTeam India

2002 കോമൺവെൽത് ഗെയിംസിൽ പാകിസ്ഥാനെ നിലംപരിശാക്കിയ പ്രകടനത്തിൽ തിളങ്ങിയത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്‌മൃതി മന്ദാനയാണ്. എട്ട് ഫോറുകളും, മൂന്ന്‌ സിക്‌സുകളും പറത്തി സ്‌മൃതി നേടിയ അതിവേഗ 63 റൺസ് ഇന്ത്യയെ 50 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തിച്ചു. ഈ ഇന്നിങ്‌സോടെ തിളക്കമാർന്ന ഒരു വ്യക്തിഗത നേട്ടത്തിനും ഉടമയായിരിക്കുകയാണ് സ്‌മൃതി മന്ദാന.

പാക്കിസ്ഥാനെതിരായ ഇന്നിങ്‌സോടെ ടി20 ക്രിക്കറ്റിൽ ചേസ് ചെയ്യുമ്പോൾ 1000 റൺസ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററായി മാറി സ്‌മൃതി. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ വനിതാ ബാറ്ററും സ്‌മൃതിയാണ്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും, രോഹിത് ശർമയും മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച താരങ്ങൾ.

40 ഇന്നിങ്‌സുകളിൽ എതിർ ടീമിന്റെ ടാർഗറ്റ് ചേസ് ചെയ്യാൻ ഇറങ്ങിയപ്പോൾ സ്‌മൃതി അടിച്ചുകൂട്ടിയത് 1059 റണ്ണുകളാണ്. ചേസ് ചെയ്യുമ്പോൾ 1789 റൺസുമായി കോഹ്ലിയാണ് ലിസ്റ്റിൽ ഒന്നാമത്. 1375 റൺസുമായി രോഹിത് ശർമ്മ തൊട്ടു പിന്നാലെയുണ്ട്.

കോമൺവെൽത്തിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയതോടെ സെമി ഫൈനൽ സാധ്യത നിലനിർത്താൻ പാകിസ്ഥാനോട് നേടിയ വിജയം ഇന്ത്യക്ക് തുണയാകും. എഡ്‌ജ്‌ബസ്റ്റണിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 18 ഓവറിൽ വെറും 99 റൺസിന് ഓൾ ഔട്ടാക്കി. ഇന്ത്യക്കായി സ്നേഹ റാണയും, രാധ യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ സ്‌മൃതിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ ഇന്ത്യ 11.4 ഓവറിൽ ലക്‌ഷ്യം കണ്ടു.