ഇന്ത്യന്‍ പെണ്‍പുലിയുടെ മാജിക്കല്‍ ചേസിംഗ്, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലൂടെ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം ഓപ്പണര്‍ സ്മൃതി മന്ദാന. ഏകദിനത്തില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി 50ലധികം സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡാണ് മന്ദാന സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്താവാതെ 80 റണ്‍സാണ് മന്ദാന നേടിയത്. ഇത് തുടര്‍ച്ചയായ 10ാം മത്സരത്തിലാണ് റണ്‍സ് പിന്തുടരുമ്പോള്‍ സ്മൃതി 50ലധികം സ്‌കോര്‍ നേടുന്നത്.

57,52,86,53*,73*,105,90*,63,74,80* എന്നിങ്ങനെയാണ് റണ്‍സ് പിന്തുടര്‍ന്ന് അവസാന 10 മത്സരത്തില്‍ സ്മൃതി നേടിയത്. ഇതില്‍ നാല് തവണയും ടീമിനെ വിജയത്തിലെത്തിച്ച് പുറത്താവാതെ നില്‍ക്കാനും മന്ദാനയ്ക്ക് സാധിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ത്തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് മന്ദാന.

24കാരിയായ സ്മൃതി മന്ദാന ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ്. ഇന്ത്യക്കായി 53 ഏകദിനത്തില്‍ നിന്ന് 44.14 ശരാശരിയില്‍ 2119 റണ്‍സും 75 ടി20യില്‍ നിന്ന് 25.23 ശരാശരിയില്‍ 1716 റണ്‍സും മന്ദാന നേടിയിട്ടുണ്ട്. ഏകദിനത്തില്‍ നാല് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ പേരില്‍ 12 ടി20 അര്‍ധ സെഞ്ച്വറികളുമുണ്ട്. രണ്ട് ടെസ്റ്റില്‍ നിന്ന് 81 റണ്‍സും മന്ദാന നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനം തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സന്ദര്‍ശകരെ 9 വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍നിര തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 157 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ 28.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജെമീ റോഡ്രിഗസിന്റെ (9) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

മന്ദാന 64 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയാണ് പുറത്താവാതെ 80 റണ്‍സ് നേടിയത്. പൂനം റൗത്ത് 89 പന്തുകള്‍ നേരിട്ട് 62 റണ്‍സും സ്വന്തമാക്കി.