ഈ ടീം ഇന്ത്യ എങ്ങനെ രണ്ടാം നിരയാകും, രണതുംഗയ്ക്ക് ചുട്ടമറുപടിയുമായി ലങ്കന്‍ ബോര്‍ഡ്

Image 3
CricketTeam India

ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ യുവനിരയെ രണ്ടാം നിര ക്രിക്കറ്റ് ടീം എന്ന് ആക്ഷേപിച്ച് രംഗത്തെത്തി മുന്‍ നായകന്‍ അര്‍ജുന രണതുംഗയ്ക്ക് ചുട്ടമറുപടി നല്‍ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. സീനിയര്‍ താരം ശിഖര്‍ ധവാന്റെ നേതൃത്വത്തിലെത്തുന്ന ഇന്ത്യന്‍ ടീം കരുത്തരാണെന്ന കാര്യത്തില്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു സംശയവുമില്ലെന്ന് രണതുംഗ തുറന്ന പറയുന്നു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്.

ടീമിലെ ഭൂരിഭാഗം താരങ്ങളും ടെസ്റ്റ്, ഏകദിന, ഫോര്‍മാറ്റുകളിലൊന്നിലെങ്കിലും ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ളവരാണെന്നും പ്രസ്താവനയില്‍ ബോര്‍ഡ് വിശദീകരിച്ചു. രണതുംഗയ്ക്കുള്ള മറുപടിയാണ് പ്രസ്താവനയെങ്കിലും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞിട്ടില്ല.

‘മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചില കേന്ദ്രങ്ങളില്‍നിന്നുള്ള വിലയിരുത്തലുകള്‍ക്കുള്ള മറുപടിയാണിത്. ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായി ശ്രീലങ്കയിലെത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം കരുത്തരാണ്. ഇവിടെയെത്തിയ 20 അംഗ ടീമിലെ 14 പേരും മൂന്നു ഫോര്‍മാറ്റിലോ ഏതെങ്കിലും ഒരു ഫോര്‍മാറ്റിലോ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളവരാണ്. ഇവരെ എങ്ങനെയാണ് രണ്ടാം നിര ടീം എന്ന് വിളിക്കുക’ ബോര്‍ഡ് പ്രസ്താവനയില്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യയെ രണ്ടാം നിര ടീം എന്ന് അധിക്ഷേപിച്ച് രണതുംഗ രംഗത്തെത്തിയത്. ഇത് ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും രണതുംഗ ആരോപിച്ചിരുന്നു. മാര്‍ക്കറ്റിങ് ലക്ഷ്യങ്ങളോടെ ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാമെന്ന് സമ്മതിച്ചതിന് ബോര്‍ഡിനെയും രണതുംഗ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

വിരാട് കോഹ്ലിയുെട നേതൃത്വത്തില്‍ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി പോയതിനാല്‍, ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയച്ചത്. സിലക്ടര്‍മാര്‍ തിരഞ്ഞെടുത്ത 20 അംഗ ടീമില്‍ ആറു പേര്‍ പുതുമുഖങ്ങളാണ്. മലയാളി താരം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍.