ഐപിഎല്ലില്‍ ചരിത്രം കുറിച്ചത് 2 മലയാളി താരങ്ങളുള്‍പ്പെടെ 6 പേര്‍, തുറന്ന് പറഞ്ഞ് ഗാംഗുലി
രണ്ട് മലയാളി താരങ്ങള്‍ ഉള്‍പ്പെടെ ഐപിഎല്ലിലെ താരങ്ങളായി ആറ് പേരെ തിരഞ്ഞെടുത്ത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍, മുംബൈയുടെ സൂര്യകുമാര്‍ യാദവ്, കൊല്‍ക്കത്തയിലെ രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍ ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ആഭ്യന്തര ക്രിക്കറ്റിലെ വന്‍ സക്‌സസാണെന്നും ഇവര്‍ ഇത്തവണത്തെ ഐ.പി.എല്ലില്‍ ബിഗ് ഹിറ്റായവരാണെന്നും ഗാംഗുലി പറഞ്ഞു.
ഇതില്‍ സഞ്ജു, ഗില്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ച താരങ്ങളെ ഐ.പി.എല്ലിന് ലഭിച്ചിട്ടുണ്ടെന്നതിന് തെളിവാണ് യുവതാരങ്ങളുടെ ഈ പ്രകടനമെന്നും സൗരവ് ഗാംഗുലി നിരീക്ഷിക്കുന്നു.
അതേസമയം സൂര്യകുമാര്‍ യാദവിനെ ഓസീസ് പര്യടനത്തിനുള്ള ടീമിലെടുക്കാത്തതിനെ കുറിച്ചും ഗാംഗുലി പ്രതികരിച്ചു. സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലെത്തുന്ന കാലം വിദൂരമല്ലെന്നും വളരെ മികച്ച കളിക്കാരനാണ് അദ്ദേഹമെന്നും ഗാംഗുലി പറഞ്ഞു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാര്‍ യാദവിനെ ഓസീസിനെതിരെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയില്ല എന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 410 റണ്‍സാണ് ഇതുവരെ സൂര്യകുമാര്‍ നേടിയത്.