പ്രീമിയർ ലീഗിൽ രണ്ടാമത്, ജനുവരി ട്രാൻസ്ഫറിൽ ശുദ്ധികലശത്തിനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Image 3
EPLFeaturedFootball

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്തിടെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആസ്റ്റൺ വില്ലയുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത   രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയതോടെ ലിവർപൂളിന്റെ അതേ പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. ബ്രൂണോ ഫെർണാണ്ടസിന്റെയും ആന്തണി മാർഷ്യലിന്റെയും ഗോളുകളാണ് മികച്ച വിജയം യുണൈറ്റഡിനു സമ്മാനിച്ചത്.

നിലവിലെ സ്‌ക്വാഡ് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പരിശീലകൻ ഒലെ ഗണ്ണാർ സോൾക്ഷേറിനു ആവശ്യമില്ലാത്ത താരങ്ങളെ ജനുവരി ട്രാൻസ്ഫറിൽ ഒഴിവാക്കാനുള്ള  നീക്കവും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു കഴിഞ്ഞു. ആറു  താരങ്ങളാണ് ഈ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ സൂപ്പർ ഗോൾകീപ്പർ  സെർജിയോ റോമേറോയാണ്‌ യുണൈറ്റഡ് വിടാനൊരുങ്ങുന്ന ഒരു താരം. ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ യുണൈറ്റഡ് വിടാൻ അധികൃതരും സമ്മതിച്ചതോടെയാണ് കൂടുതൽ മിനുട്ടുകൾ ലഭിക്കുന്നതിനായി റോമേറോ യുണൈറ്റഡിൽ നിന്നും പുറത്തു പോവുന്നത്.  മറ്റൊരു താരം അവസരങ്ങൾ കുറഞ്ഞ അറ്റാക്കിങ് മിഡ്‌ഫീൽഡർ ജെസ്സെ ലിംഗാർഡാണ്.

യുണൈറ്റഡുമായി ഒരു വർഷത്തേക്ക് കൂടി  കരാർ പുതുക്കിയെങ്കിലും ടോട്ടനത്തിലേക്ക് ലോണിൽ ചേക്കേറാനുള്ള നീക്കവും താരത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. പരിക്കു മൂലം പുറത്തിരിക്കുന്ന പ്രതിരോധതാരം ഫിൽ ജോൺസിനായി പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോം രംഗത്തെത്തിയിട്ടുണ്ട്. അവസരങ്ങൾ കുറഞ്ഞ അര്ജന്റീൻ പ്രതിരോധതാരം മാർക്കസ് റോഹോക്ക്  പിന്നാലെ ന്യൂകാസിൽ യുണൈറ്റഡും താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

രണ്ടിനെതിരെ ആറു ഗോളിനു ജയിച്ച ലീഡ്‌സുമായി നടന്ന മത്സരത്തിൽ 90 മിനുട്ടു കളിക്കാൻ സാധിച്ചുവെങ്കിലും ഡാനിയേൽ ജെയിംസും ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ വളർച്ചക്കായി ലോൺ ഡീലിനാണ് യുണൈറ്റഡ് പരിഗണന നൽകുന്നത്. ഇരുപതുകാരൻ ലെഫ്റ്റ്ബാക്ക് ബ്രാൻഡൺ വില്യംസും ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ക്ലബ്ബുകളായ സതാംപ്ടണും ന്യൂകാസിലും ജർമൻ ക്ലബ്ബായ ബയേർ ലെവർകുസെണും താരത്തിനായി രംഗത്തെത്തിയിട്ടുണ്ട്.