ന്യൂസിലന്‍ഡിലെത്തിയ പാക് ടീമിന് കനത്ത തിരിച്ചടി, ഗുരുതര പ്രതിസന്ധി

ന്യൂസീലന്‍ഡ് പര്യടനത്തിനെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് കോവിഡ് ബാധ. ഇതോടെ താരങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുക. കഴിഞ്ഞ ദിവസമാണ് 53 അംഗ പാക് സംഘം പര്യടനത്തിനായി കിവീസിലെത്തിയത്.

ന്യൂസീലന്‍ഡിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് ലാഹോറില്‍ വെച്ചും ന്യൂസീലന്‍ഡില്‍ എത്തിയപ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ വെച്ചും താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ആറ് താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

എല്ലാവരെയും ഐസൊലേറ്റ് ചെയ്‌തെന്നും ശക്തമായ ക്വാറന്റീന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ന്യൂസീലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഐസൊലേഷനില്‍ വെച്ച് ചുരുങ്ങിയത് നാല് തവണയെങ്കിലും താരങ്ങളെ വീണ്ടും ടെസ്റ്റ് ചെയ്യും.

കോവിഡ് ബാധിച്ചവരും സ്‌ക്വാഡില്‍ ബാക്കിയുള്ളവരും അവരവരുടെ മുറികള്‍ തന്നെ തുടരണം. ടീം അംഗങ്ങളില്‍ പലരും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായെന്ന് ന്യൂസീലന്‍ഡ് ആരോഗ്യവകുപ്പ് പറഞ്ഞു. എല്ലാവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണ്. ഇപ്പോള്‍ അവസാന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂസീലന്‍ഡില്‍ കളിക്കുക അഭിമാനമാണ്. എന്നാല്‍, പകരം സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 18നാണ് പാകിസ്താന്റെ ന്യൂസീലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തില്‍ ഉള്ളത്.

You Might Also Like