റണ്ണിന് പകരം സിറാജ് ഓടിയത് അങ്ങോട്ട്! മനുഷ്യത്വം മരിച്ചിട്ടില്ല

ഓസ്‌ട്രേലിയന്‍ എ ടീമിനെതിരെയുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തിലെ ഒരു കാഴ്ച്ച ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കൈയ്യടി നേടിയിരിക്കുകയാണ്. ക്രിക്കറ്റെന്നാല്‍ മാന്യന്മാരുടെ കളിയെന്ന്് അനര്‍ത്ഥമാക്കുന്ന ഈ കാഴ്ച്ച കാണുമ്പോള്‍ ഒരുപക്ഷെ നിങ്ങളുടെ കണ്ണും നിറഞ്ഞേക്കാം.

മത്സത്തിനിടെ ജസ്പ്രീത് ഭുംറയുടെ ഒരു ഷോട്ട് ചെന്ന് കൊണ്ടത് ബോള്‍ ചെയ്ത ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്റെ മുഖത്തായിരുന്നു. തൊട്ടുടനെ റണ്ണിന് ശ്രമിക്കാതെ എല്ലാം മറന്ന് ബാറ്റ് പോലും വലിച്ചെറിഞ്ഞ് ഗ്രീന്റെ അടുത്ത് ഓടിയെത്തുകയായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. ഗ്രീനിനെകൈകൊടുത്ത് എഴുന്നേല്‍പ്പിക്കാനായിരുന്നു മുഹമ്മദ് സിറാജിന്റെ ശ്രമം.

ഇതോടെ ഈ കാഴ്ച്ച വൈറലായി മാറിയിരിക്കുകയാണ്. സിറാജിനെ തേടി വലിയ അഭിനന്ദന പ്രവാഹമാണ് ഉണ്ടാകുന്നത്. ഭുംറ അടിച്ച ബോള്‍ മുഖത്ത് പതിച്ച കാമറൂണ്‍ ഗ്രീനെ ടെസ്റ്റില്‍ നിന്നും പരിക്കുകാരണം ഒഴിവാക്കിയിട്ടുണ്ട്.

സിറാജിന്റെ ഇടപെടലിനെ അഭിനന്ദിച്ച് ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നാണ് സംഭവത്തെ ബിസിസിഐ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 86 റണ്‍സിന്റെ ലീഡ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 194 റണ്‍സിന് മറുപടിയായി ഓസ്‌ട്രേലിയ എ 108 റണ്‍സ് സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

You Might Also Like