നിരുപാധികം അവന് വിധേയനാണ്, എല്ലാ കടപ്പാടും അവനോട് മാത്രമെന്ന് സിറാജ്
തന്റെ കരിയറിലെ എല്ലാ വിജയത്തിന്റേയും അവകാശി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണെന്ന് തുറന്ന് പറഞ്ഞ് മുഹമ്മജ് സിറാജ്. തന്റെ പിതാവ് മരിച്ച സമയത്ത് ഓസ്‌ട്രേലിയയിലെ ഹോട്ടല്‍ റൂമിലിരുന്ന കരയുകയായിരുന്ന തന്നെ ചേര്‍ത്ത് പിടിച്ച് കോഹ്‌ലി പറഞ്ഞത്, ഞാന്‍ കൂടെയുണ്ട് വിഷമിക്കേണ്ട എന്നായിരുന്നുവെന്നത് ഇന്നും മറക്കാനാകാത്ത ഓര്‍മ്മയാണെന്ന് സിറാജ് പറയുന്നു.
തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ച ആളാണ് കോഹ്‌ലിയെന്നും താന്‍ ആര്‍സിബിയില്‍ മികച്ച പ്രകടനം ഈ സീസണില്‍ പുറത്തെടുത്തതിന് പിന്നില്‍ കോഹ്‌ലിയുടെ ഈ പിന്തുണയുണ്ടെന്നും സിറാജ് പറഞ്ഞു.
‘ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത് മുതല്‍ ഞാന്‍ കഴിവിന്റെ നൂറു ശതമാനം ഞാന്‍ പ്രയത്‌നിക്കുന്നുണ്ട്. വിജയം എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരമാണ് തരുന്നത്. വല്ലാത്തൊരു ആത്മവിശ്വാസമാണ് ഓസ്ട്രേലിയന്‍ പര്യടനം എനിക്ക് തന്നത്. ഇംഗ്ലണ്ടിലും അതെ ആത്മവിശ്വാസത്തോടു കൂടി ഞാന്‍ പന്തെറിയും” മുഹമ്മദ് സിറാജ് കൂട്ടിചേര്‍ത്തു.
ഇന്ത്യ ഓസ്‌ട്രേലിയ ടൂറില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബൗളറാണ് മുഹമ്മദ് സിറാജ്. 3 ടെസ്റ്റുകളില്‍ നിന്നായി 13 വിക്കറ്റുകളായിരുന്നു സിറാജിന്റെ സമ്പാദ്യം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പാരമ്പരയിലേക്കുമുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സിറാജ്.