സിംഗപ്പൂർ താരത്തിന് കണ്ണഞ്ചിക്കുന്ന വില; മെഗാലേലത്തിൽ പുത്തൻ താരോദയം

Image 3
CricketIPL

ഐപിഎൽ മെഗാ താരലേലത്തിൽ പുത്തൻ താരോദയമായി സിംഗപ്പൂർ താരം ടിം ഡേവിഡ്. വെറും 40 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുമായി എത്തിയ താരത്തെ  8.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇംഗ്ലീഷ് ഫാസ്റ് ബൗളർ ജോഫ്ര ആർച്ചറിനെയും ടീമിലെത്തിച്ചതോടെ ലേലത്തിന്റെ രണ്ടാമത്തെ ദിവസവും മുംബൈക്ക് മികച്ച നേട്ടം കൊയ്യാനായി. എട്ടു കോടി രൂപയ്ക്കാണ് ആർച്ചറിനെ മുംബൈ ടീമിലെത്തിച്ചത്.

മറ്റൊരു വാശിയേറിയ ലേലം വിളിയിൽ വെസ്റ്റിൻഡീസ് താരം റൊമാരിയോ ഷെഫേർഡിനെ 7.75 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. 11.50 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ലിയാം ലിവിങ്സ്റ്റനാണ് രണ്ടാമത്തെ ദിവസം താരം. ഇന്ത്യൻ താരം ജയന്ത് യാദവ് 1.70 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലുമെത്തി. വിജയ് ശങ്കർ 1.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലും, ഒഡീന്‍ സ്മിത്ത് 6 കോടിക്ക് പഞ്ചാബ് കിങ്‌സിലും എത്തി.

ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിലും, കൃഷ്ണപ്പ ഗൗതം 90 ലക്ഷം രൂപക്ക് ലക്‌നൗ സൂപ്പർ ജയിന്റ്സിലും എത്തി. ഇന്ത്യൻ യുവ പേസർ ഖലീല്‍ അഹമ്മദിനെ 5.25 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി. ചേതൻ സക്കറിയ 4.2കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ, സന്ദീപ് ശർമ 50 ലക്ഷം രൂപക്ക് പഞ്ചാബ് കിങ്‌സിൽ, നവദീപ് സൈനി 2.60 കോടിക്ക് രാജസ്ഥാൻ റോയൽസിൽ എന്നിങ്ങനെ മറ്റു യുവ പേസർമാർക്കും ഭേദപ്പെട്ട തുക ലേലത്തിൽ ലഭിച്ചു.