താരലേലത്തില്‍ തന്റെ ടീമിന്റെ തീരുമാനങ്ങളില്‍ അതൃപ്തി, സൂപ്പര്‍ താരം രാജിവെച്ചു

Image 3
CricketIPL

ഐപിഎല്‍ 15ാം സീസണിലേക്ക് നടന്ന താരലേലത്തിന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തീരുമാനങ്ങളില്‍ അതൃപ്തി വ്യക്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ച് സഹ പരിശീലക സ്ഥാനം രാജി വെച്ചു. താരലേലത്തില്‍ സണ്‍റൈസേഴ്‌സിന്റെ ഇടപെടലുകളില്‍ കാറ്റിച്ച് തീര്‍ത്തും നിരാശനായിരുന്നത്രെ.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ടീമിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളുമായ ഡേവിഡ് വാര്‍ണറെ മടക്കിക്കൊണ്ടു വരാന്‍ ഫ്രാഞ്ചൈസി തയ്യാറാവാതിരുന്നതും കാറ്റിച്ചിന്റെ രാജിക്ക് പിന്നിലെ കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നു. മറ്റൊരു മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിയാണ് നിലവില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകന്‍.

ഐപിഎല്ലില്‍ മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള പരിശീലകനാണ് കാറ്റിച്ച്. 2015 ല്‍ കൊല്‍ക്കത്തയുടെ സഹപരിശീലകനായി ചുമതലയേറ്റ അദ്ദേഹം 2019 ല്‍ ബാംഗ്ലൂരിന്റെ പ്രധാന പരിശീലകനായും നിയമിതനായിരുന്നു.

എന്തായാലും പുതിയ സീസണ് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്ന സമയം സഹപരിശീലകനെ നഷ്ടമായത് ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനമായിരുന്നു സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് കാഴ്ച്ചവെച്ചത്. കളിച്ച 14 മത്സരങ്ങളില്‍ 3 എണ്ണത്തില്‍ മാത്രം വിജയിക്കാനായത്. ഇതോടെ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. കൂടാതെ മോശം പ്രകടനങ്ങള്‍ക്കിടയില്‍ വാര്‍ണറിനെ ടീം അവഗണിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും ഹൈദരാബാദിനെ തളര്‍ത്തി. പാതി വഴിയില്‍ വാര്‍ണറെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയ അവര്‍ പിന്നീട് പ്ലേയിംഗ് ഇലവനില്‍ നിന്നും താരത്തെ ഒഴിവാക്കി.