കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് സിമിയോണിക്ക്, മറികടന്നത് ഗാർഡിയോളയേയും ക്ളോപ്പിനെയും

പിന്നിട്ട ദശകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആരാണെന്നു ചോദിച്ചാൽ നിരവധി പേരുകൾ നമ്മുടെ മനസിലേക്ക് ഓടിയെത്തും. എന്നാൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റൈൻ പരിശീലകനായ ഡിയെഗോ സിമിയോണിയെയാണ് ആ ബഹുമതിക്ക് അർഹനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്പാനിഷ് ഫുട്ബോളിൽ താഴെക്കിടയിലുണ്ടായിരുന്ന അത്ലറ്റിക്കോയെ മാഡ്രിഡിലെയെന്നു തന്നെയല്ല ലാലിഗയിലെ തന്നെ മികച്ച ക്ലബ്ബായി മാറ്റിയതിനാണ് സിമിയോണി ഈ അവാർഡ് നൽകാൻ തീരുമാനിച്ചത്. ഹോസെ മൗറിഞ്ഞോയേയും പെപ്‌ ഗാർഡിയോളയെയും സിനദിൻ സിദാനേയും മറികടന്നാണ് സിമിയോണി ഈ അവാർഡിന് അർഹനായിരിക്കുന്നത്. മാഡ്രിഡിന്റെ താഴെക്കിടയിലുണ്ടായിരുന്ന ക്ലബ്ബിനെ ഒരു കളിക്കാരൻ എന്ന നിലയിലും പിന്നീട് പരിശീലകനായും ലോകഫുട്ബോളിലെ തന്നെ ശക്തികേന്ദ്രമായി വളർത്താൻ സിമിയോണിക്ക് സാധിച്ചിട്ടുണ്ട്.

സിമിയോണിയുടെ കരിയറിൽ സിനദിൻ സിദാന്റെയും പെപ്‌ ഗാർഡിയോളയുടെയുമത്ര യൂറോപ്യൻ കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും അത്ലറ്റികോക്കൊപ്പമുള്ള സ്ഥിരതയാണ്‌ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടാൻ സഹായിച്ചത്. പെപ്‌ ഗാർഡിയോള രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ജർഗൻ ക്ലോപ്പ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാൽ സിനദിൻ സിദാൻ ഉനൈ എമ്രിക്കു താഴെ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സിമിയോണിയെ ഒന്നാം സ്ഥാനത്തേക്ക് പരിഗണിക്കാനുണ്ടായ കാരണവും ഐഎഫ്എഫ്എച്ച്എസ് വ്യക്തമാക്കി.

” ഈ ദശകത്തിൽ തന്റെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം മികച്ചപ്രകടനം യാഥാർത്ഥ്യമാക്കാൻ സിമിയോണിക്ക് സാധിച്ചിട്ടുണ്ട്: 1 ലാലിഗ കിരീടം, 1 കോപ്പ ഡെൽ റെയ്, 1 സൂപ്പർ കോപ്പ എസ്പാന, 2 യൂറോപ്പ ലീഗ് കിരീടങ്ങൾ, രണ്ട് ചാമ്പ്യൻസ് ലീഗ് റണ്ണർ അപ്പുകൾ. അദ്ദേഹത്തിന്റെ സമയനിഷ്ഠയും ഊർജസ്വലതയുമാണ് ഈ 2011-2020 ദശകത്തിലെ ഈ അവാർഡ് വിജയിക്കാൻ അർഹനാക്കിയത്. ” ഐഎഫ്എഫ്എച്ച് എസ് പ്രസ്താവനയിലൂടെ പറഞ്ഞു.

You Might Also Like