അത്‌ലറ്റിക്കോയുടെ മുന്നിൽ ഗ്രീസ്മനെ നാണം കെടുത്തി ബാഴ്സ, പ്രതികരിക്കാൻ വാക്കുകളില്ലെന്ന് സിമിയോണി

Image 3
FeaturedFootball

ഇന്നലെ അറ്റ്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സ സമനില വഴങ്ങിയ ലാലിഗ മത്സരത്തിൽ ഗ്രീസ്മനോട് പരിശീലകൻ സെറ്റിയൻ ചെയ്തത് ഫുട്ബോൾ ആരാധകരുടെയെല്ലാം രോഷത്തിനു കാരണമായെന്നത് വ്യക്തമാണ്. ഗ്രീസ്മൻ ഹീറോ പരിവേഷത്തോടെ കളിച്ചിരുന്ന അറ്റ്ലറ്റികോക്കെതിരെ ഏതാനും മിനുട്ടുകൾ മാത്രമാണ് ഫ്രഞ്ച് താരത്തിന് സെറ്റിയൻ അവസരം നൽകിയത്.

120 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിൽ ബാഴ്സ സ്വന്തമാക്കിയ ഗ്രീസ്മൻ ഈ സീസണിൽ പതിനാലു തവണ ബാഴ്സക്കു വേണ്ടി വല കുലുക്കിയിട്ടുണ്ട്. സീസൺ പുനരാരംഭിച്ചതിനു ശേഷം താരത്തിന്റെ ഫോം മോശമാണെങ്കിലും തന്റെ മുൻ ക്ലബിനെതിരെ ഇത്രയും കുറഞ്ഞ സമയം കളിക്കാൻ നൽകിയത് നാണം കെടുത്തിയതിനു തുല്യമാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം.

https://twitter.com/ModricEle/status/1278094704949833729?s=19

മത്സരത്തിനു ശേഷം അറ്റ്ലറ്റികോ പരിശീലകൻ സിമിയോണിയും ഗ്രീസ്മന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വിഷാദം രേഖപ്പെടുത്തി. തനിക്കതിനെ കുറിച്ചു പറയാൻ വാക്കുകൾ ലഭിക്കുന്നില്ലെന്നാണ് സിമിയോണി മത്സരശേഷം പറഞ്ഞത്. സിമിയോണിക്കു കീഴിലാണ് ഗ്രീസ്മൻ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്.

ഗ്രീസ്മനെ തൊണ്ണൂറാം മിനുട്ടിൽ ഇറക്കാനുള്ള തീരുമാനം പരിശീലകൻ സെറ്റിയനെതിരെ ആരാധകർ തിരിയാനും കാരണമായിട്ടുണ്ട്. സമനില വഴങ്ങിയതോടെ ബാഴ്സലോണ ലാലിഗ കിരീടപ്പോരാട്ടത്തിൽ വീണ്ടും താഴേക്കു പോയി. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ റയൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇത്തവണ കിരീടമുയർത്തും.