ബിൽബാവോക്കെതിരായ തോൽവി, മനക്കരുത്തില്ലെങ്കിൽ കിരീടം കൈവിട്ടുപോവുമെന്ന് സിമിയോണി

അത്ലറ്റിക് ബിൽബാവോക്കെതിരായ ലാലിഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവിയേറ്റുവാങ്ങേണ്ടി വന്നത് അത്ലറ്റിക്കോ മാഡ്രിഡിന്റെ കിരീടമോഹങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 33 മത്സരങ്ങളിൽ നിന്നായി 73 പോയിന്റുമായി ഒന്നാംസ്ഥാനത്തു തന്നെ അത്ലറ്റിക്കോയുണ്ടെങ്കിലും 32 മത്സരങ്ങൾ മാത്രം കളിച്ച ബാഴ്‌സ 71 പോയിന്റുമായി തോറ്റു പുറകിലുണ്ട്. അടുത്ത മത്സരത്തിൽ ബാഴ്സക്ക് വിജയിക്കാനായാൽ ബാഴ്സക്ക് ഒന്നാം സ്ഥാനത്തെത്താനാവും.

എന്നാൽ അത്ലറ്റിക്കോക്ക്‌ ഇനി കിരീടം നേടാണമെങ്കിൽ മാനസികമായ ശക്തി അർഗിക്കേണ്ടതുണ്ടെന്നാണ് പരിശീലകൻ ഡിയെഗോ സിമിയോണിയുടെ വിലയിരുത്തൽ. ഏതു ടീമാണോ കൂടുതൽ മനക്കരുത്ത് കാണിക്കുന്നത് അവർ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു. തോൽവിക്കു ശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്തായിരിക്കും ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നു എന്നോട് ചോദിക്കൂ. അത് മാനസികമായ ഘടകമായിരിക്കുമെന്ന് വളരെയധികം വ്യക്തമാണ്. ആദ്യ പകുതിയിൽ ഞങ്ങൾക്ക്‌ പ്രതീക്ഷിച്ചപോലെ കളിക്കാൻ സാധിച്ചില്ല. ഏറ്റവും മികച്ച രീതിയിൽ മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്ന ടീമിനായിരിക്കും ഇത്തവണ കിരീടം നേടാനുള്ള മികച്ച സാധ്യത.” സിമിയോണി പറഞ്ഞു.

കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിൽ രണ്ടാമത്തെ തോൽവിയാണു അത്ലറ്റികോക്ക് ബിൽബാവോക്കെതിരെ നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ അത്ലറ്റിക്കോയേ പോലെ തന്നെ ബാഴ്സയ്ക്കും റയലിനും സെവിയ്യക്കും കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നത് പോരാട്ടത്തിന് കൂടുതൽ ആവേശം നൽകുന്നുണ്ട്.

You Might Also Like