തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി, തുറന്ന് പറഞ്ഞ് പാക് സൂപ്പര്‍ താരം

റാവല്‍പിണ്ടി ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ ‘ഭീകര മര്‍ധനത്തിന്’ ഇരയായ ആഘാതത്തിലാണ് പാക് ക്രിക്കറ്റ് ലോകം. ആദ്യ ദിനം 75 ഓവറില്‍ 500 ലധികം റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ടീമിന്റെ ഈ തകര്‍പ്പന്‍ പ്രകടനത്തോട് നിരശ മുഴുവന്‍ വ്യക്തമാക്കുന്ന വിധത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍.

മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് ടീമിലെ പകുതിയിലധികം പേരും അജ്ഞാത വൈറസ് ബാധിച്ചത് മൂലം അസുഖ ബാധിതരായിരുന്നു. അതിനാല്‍ തന്നെ മത്സരം മാറ്റിവെച്ചേക്കും എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ മത്സരം തുടങ്ങുന്ന രാവിലെയാണ് കളിക്കുവാന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് പാകിസ്ഥാനെ അറിയിച്ചതും ഒടുവില്‍ മത്സരം നടന്നതും.

ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയ്യാതിരുന്നത് എന്തുകൊണ്ടും നന്നായെന്ന് ആദ്യ ദിനത്തിലെ പാകിസ്ഥാന്റെ പ്രകടനം വിലയിരുത്തികൊണ്ട് അക്തര്‍ പറഞ്ഞു. മറിച്ചായിരുന്നെങ്കില്‍ പാക് ടീമിന്റെ അവസ്ഥ ഇതിലും പരിതാപരകരമാകുമായിരുന്നുവെന്നും അക്തര്‍ വിലയിരുത്തുന്നത്.

‘ ന്യൂസ് റിപ്പോര്‍ട്ട് പറഞ്ഞ പോലെ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വയ്യാതിരുന്നത് നന്നായി. അസുഖ ബാധിതരായിട്ടും അവര്‍ 500 റണ്‍സ് നേടി. അവര്‍ക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നുവെങ്കില്‍ ഇതിലും ഭീകരമായിപ്പോയെനെ കാര്യങ്ങള്‍. നമ്മളെ അവര്‍ അടിച്ചൊതുക്കിയേനെ’ അക്തര്‍ പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റില്‍ മെല്ലെ ബാറ്റ് ചെയ്യുന്നതില്‍ അവരുടെ കോച്ച് ബ്രണ്ടന്‍ മക്കല്ലം വിശ്വസിക്കുന്നില്ല. ഓരോ പന്തിലും റണ്‍സ് നേടുവാന്‍ അദ്ദേഹം കളിക്കാരോട് ആവശ്യപെടുന്നു. അദ്ദേഹം വന്നത് മുതല്‍ അഗ്രസീവ് ക്രിക്കറ്റാണ് അവര്‍ കളിക്കുന്നത്. അവര്‍ അതില്‍ നിന്നും മാറില്ല. അരങ്ങേറ്റക്കാരനായ ലിയാം ലിവിങ്സ്റ്റണ്‍ ഏഴാമനായാണ് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് അവര്‍ക്ക് ബാറ്റിങ് ഡെപ്തുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ മാറിചിന്തിക്കേണ്ടതുണ്ട്’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രണ്ടാം ദിനം പാകിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവരുന്ന സൂചനയാണ് കാണിക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട്് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 597 റണ്‍സ് എന്ന നിലയിലാണ്.

 

You Might Also Like