സൂപ്പര്‍ താരത്തിന് പരിക്ക്, ഓപ്പണറായി മായങ്ക് വരുമോ?, ടീം ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്ക്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ ഇടം കൈക്ക് പരിക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്. ഇതോടെ ഗില്‍ നാലാം ദിനത്തില്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ല.

അപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗില്ലിന്റെ ഇടം കൈയില്‍ പന്ത് പതിച്ചാണ് പരിക്കേറ്റത്. മൂന്നാം ദിനം താരം ഫീല്‍ഡിങ് തുടര്‍ന്നെങ്കിലും വേദന കൂടിയതോടെ താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാലാം ദിനം ഗില്‍ ഫീല്‍ഡ് ചെയ്യാനില്ലെന്ന് ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഗില്ലിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഗില്ലിന് പരിക്ക് ഭേദമായില്ലെങ്കില്‍ ഓപ്പണറായി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തും.

ഇന്ത്യയില്‍ 99.50 ബാറ്റിങ് ശരാശരിയുള്ള മായങ്കിന് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയില്ല. ഓസ്ട്രേലിയയില്‍ നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ഗില്‍ ഓപ്പണറായി ഇന്ത്യയിലും സ്ഥാനം പിടിച്ചത്. മായങ്കിന് ഓസ്ട്രേലിയയില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോയതും തിരിച്ചടിയായി.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷയ്ക്കൊത്തുയരാന്‍ താരത്തിനായില്ല. ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ ഗില്‍ രണ്ടാം ഇന്നിങ്സില്‍ 14 റണ്‍സാണ് നേടിയത്.

You Might Also Like