ഇംഗ്ലീഷ് മണ്ണില്‍ കുതിരകുളമ്പടിയുമായി ഇന്ത്യന്‍ താരം, തകര്‍പ്പന്‍ സെഞ്ച്വറി

കൗണ്ടി ക്രിക്കറ്റിലും തന്റെ ക്ലാസ് തെളിയിച്ച് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ എട്ട് റണ്‍സിന് നഷ്ടമായ സെഞ്ച്വറി തന്റെ നാലാം ഇന്നിങ്‌സിലാണ് ഗില്‍ കൈയ്യെത്തിപ്പിടിച്ചത്. കൗണ്ടിയില്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെയാണ് ഗില്ലും ഈ സീസണില്‍ ഞെട്ടിച്ചത്.

ഗ്ലാമോര്‍ഗന്‍ താരമായ ഗില്‍ സസെക്‌സിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലാണ് സെഞ്ചുറി നേടിയിരിക്കുന്നത്. വെറും 123 പന്തില്‍ നിന്നും സെഞ്ച്വറി തികച്ച ഗില്‍ 139 പന്തില്‍ 16 ഫോറും 2 സിക്‌സും അടക്കം 119 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. 92 (148), 22 (23), 11 (39) എന്നിങ്ങനെയാണ് ഇതിന് മുന്‍പത്തെ ഇന്നിങ്‌സുകളില്‍ താരത്തിന്റെ പ്രകടനം.

ഏകദിന ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ശേഷമാണ് ഗില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനെത്തിയത്. സിംബാബ്വെയ്‌ക്കെതിരെ 3 മത്സരങ്ങളില്‍ നിന്നും 246 റണ്‍സ് നേടിയ ഗില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ 3 ഇന്നിങ്‌സില്‍ നിന്നും 205 റണ്‍സ് നേടിയിരുന്നു. ഈ രണ്ട് പരമ്പരകളിലും പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ശുഭ്മാന്‍ ഗില്ലായിരുന്നു.

നിലവില്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുളള ടീമില്‍ ഗില്ലിനേയും പരിഗണിക്കുമെന്നാണ് സൂചന. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്.

 

You Might Also Like