ഗില്ലിന് ക്യാപ്റ്റന്‍സി എന്ന അഗ്നിപരീക്ഷ, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മൂന്ന് കാര്യങ്ങള്‍

Image 3
CricketFeaturedTeam India

ഹരാരെയില്‍ ജൂലൈ 6ന് ആരംഭിക്കുന്ന സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഗില്‍ ഇടംപിടിച്ചിരുന്നില്ലെങ്കിലും ട്രാവലിംഗ് റിസര്‍വുകളില്‍ ഒരാളായി ടീമിലുണ്ടായിരുന്നു.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനെന്ന കളിച്ച പരിചയം ഗില്ലിനുണ്ട്. ഐപിഎല്ലില്‍ ഗുജറാത്തിന് പക്ഷെ ഗില്ലിന് കീഴില്‍ കാര്യമായി നേട്ടങ്ങളൊന്നും കൊയ്യാനായില്ല. 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗില്ലും കൂട്ടരും ഫിനിഷ് ചെയ്തത്.

എന്നാല്‍ ഐപിഎല്ലല്ല അന്താരാഷ്ട്ര ക്രിക്കറ്റ്. അത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഭാവിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന താരമാണ് ഗില്‍. അതാണ് ഗില്ലിനെ സിംബാബ്വെയ്‌ക്കെതിരെ ടീമിന്റെ നായകനാക്കിയത്. വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി വിലയിരുത്തപ്പെടുന്ന മൂന്ന് കാര്യങ്ങളിലൂന്നിയാകും

1. ബൗളിംഗ് മാറ്റങ്ങള്‍:

ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു പ്രത്യേക ഘടകം ബൗളിംഗ് മാറ്റങ്ങളാണ്. ഗില്ലിന്റെ ക്യാപ്റ്റന്‍സി മിരവിലാണ് മുംബൈ ഇന്ത്യന്‍സിനെതിരായ തങ്ങളുടെ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ ജിടി വിജയിച്ചത്. അതില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ കാഴ്ച്ചവെച്ച ബൗളിംഗ് മാറ്റങ്ങള്‍ പ്രശംസിക്കപ്പെട്ടു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും ഗില്ലിന് കീഴില്‍ ഗുജറാത്ത് വിജയം സ്വന്തമാക്കിയിരുന്നു. സിംബാബ്വെയ്ക്കെതിരെ രവി ബിഷ്ണോയ്, ആവേശ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷിത് റാണ തുടങ്ങി നിരവധി ബൗളിംഗ് ഓപ്ഷനുകള്‍ ഗില്ലിനുണ്ടാകും. തന്റെ ബൗളര്‍മാരെ എങ്ങനെ ഗില്‍ ഉപയോഗിക്കും എന്ന് കാത്തിരുന്ന് കാണണം.

2. യുവതാരങ്ങളെ അടക്കമുളള കളിക്കാരെ കൈകാര്യം ചെയ്യല്‍:

ഇന്ത്യന്‍ സ്‌ക്വാഡില്‍ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ്മ തുടങ്ങി നിരവധി കളിക്കാര്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ച കളിക്കാര്‍ അരങ്ങേറ്റത്തിന് മുമ്പ് അനുഭവിക്കുന്ന സമ്മര്‍ദ്ദം തിരിച്ചറിയാന്‍ ഗില്ലിന് ആവശ്യത്തിന് അനുഭവപരിചയം ഉണ്ട്.

പരമ്പരയില്‍ നിന്ന് ആവശ്യമുള്ള ഫലം ലഭിക്കുന്നതിന് ഗില്‍ ഈ കളിക്കാരെ എങ്ങനെ ഒരു ടീമിന്റെ ഭാഗമാക്കി മാറ്റുന്നു എന്നത് കാണുന്നത് കൗതുകകരമായിരിക്കും. ഗുജറാത്തില്‍ പരിചയസമ്പന്നരും മുതിര്‍ന്നവരുമായ കളിക്കാരുമായി നല്ല നിലയില്‍ സഹകരിച്ച ഗില്‍ അവിടെ നിന്നും ലഭിച്ച അനുഭവ പരിചയ സമ്പത്തും ഇന്ത്യന്‍ ടീമിലും പ്രയോഗിച്ചേക്കും.

3. ബാറ്ററായി ശുഭ്മാന്‍ ഗില്ലിന്റെ ഫോം:

സത്യത്തില്‍ ഈ വര്‍ഷം ശുഭ്മാന്‍ ഗില്ലിന് മികച്ച ഐപിഎല്‍ സീസണ്‍ ആയിരുന്നില്ല. ഐപിഎല്‍ 2023-ല്‍ 890 റണ്‍സ് നേടിയ ഗില്ലിന് പക്ഷെ ഈ ഐപിഎല്ലില്‍ ക്യാപ്റ്റനായപ്പോള്‍ പച്ചതൊടാനായില്ല. 14 ടി20 മത്സരങ്ങളില്‍ നിന്ന് 25.76 ശരാശരിയില്‍ ഒരു സെഞ്ച്വറിയും അര്‍ദ്ധസെഞ്ച്വറിയും അടക്കം 335 റണ്‍സ് മാത്രമാണ് ശുഭ്മാന്‍ ഗില്‍ നേടിയിത്. ക്യാപ്റ്റന്‍സി എന്ന അധിക ഉത്തരവാദിത്തത്തിനൊപ്പം തന്റെ മങ്ങിയ ഫോം ഗില്‍ എങ്ങനെ തിരിച്ചുപിടിക്കുന്നു എന്നതും ക്രിക്കറ്റ് ലോകം ആവേശത്തോടെ ഉറ്റുനോക്കുന്നുണ്ട്.