അതിവേഗ ഫിഫ്റ്റിയുമായി ഗില്‍, കരുത്തുകാട്ടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍

സിഡ്നി: രണ്ടാം സന്നാഹ മത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍സ് മികച്ച നിലയില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 78 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 65 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് കരുത്തായത്.

മായങ്ക് അഗര്‍വാള്‍ പുറത്താകാതെ 60 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. 12 റണ്‍സുമായി വിഹാരിയാണ് മായങ്കിന് കൂട്ടായി ക്രീസില്‍.
രണ്ടാം വിക്കറ്റില്‍ ഗില്‍ മായങ്കിനൊപ്പം കൂട്ടുകെട്ട് തീര്‍ത്തതോടെയാണ് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചത്. ഇന്ത്യക്ക് ഇപ്പോള്‍ എട്ട് വിക്കറ്റ് അവശേഷിക്കെ 225 റണ്‍സിന്റെ ലീഡ് ഉണ്ട്.

49 പന്തിലാണ് ഗില്‍ അര്‍ധ ശതകം തികച്ചത്. പൃഥ്വി ഷാ വീണ്ടും നിരാശപ്പെടുത്തി. 8 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് നേടിയ പൃഥ്വിയെ ഓസീസ് തുടക്കത്തില്‍ തന്നെ മടക്കി. പിന്നാലെ മായങ്കും ഗില്ലും ചേര്‍ന്ന് നിലയുറപ്പിക്കുകയായിരുന്നു. മായങ്ക് ഒരറ്റത്ത് നിലയുറപ്പിച്ചപ്പോള്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഗില്ലിനായി.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 194 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 57 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്സും പറത്തിയ ബൂമ്രയാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ടോപ് സ്‌കോറര്‍. എന്നാല്‍ ഇന്ത്യയുടെ നാല് പേസര്‍മാര്‍ കളം നിറഞ്ഞതോടെ ഓസ്ട്രേലിയ 108ന് തകര്‍ന്നു. സെയ്നിയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബൂമ്ര രണ്ടും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

You Might Also Like