പരമ്പര നാണംകെട്ട് തോറ്റിട്ടും ശ്രേയസ് സന്തുഷ്ടനാണ്, കാരണമിതാണ്

Image 3
CricketTeam India

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ തോല്‍വി വഴങ്ങിയതിന്റെ നാണംക്കേടിലാണ് ടീം ഇന്ത്യ. ബൗളര്‍മാര്‍ കളി മറന്നപ്പോള്‍ രണ്ട് മത്സരത്തിലും 300ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ഇതോടെ അവസാന മത്സരമെങ്കിലും ജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കാനുളള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്.

ഇതിനിടയിലും ഇന്ത്യയുടെ യുവതാരം ശ്രേയസ് അയ്യറിന് ഒരു കാര്യത്തില്‍ അതിയായ സന്തോഷമുണ്ട്. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ തനിക്കെതിരെ ഗെയിം പ്ലാന്‍ ആവിഷ്‌കരിക്കുന്നതാണ് അയ്യരുടെ മനംനിറച്ചിരിക്കുന്നത്.

ആദ്യ രണ്ടു ഏകദിനങ്ങളിലും ബൗണ്‍സറുകളാണ് ശ്രേയസിന് നേരെ ഓസ്ട്രേലിയ പയറ്റിയത്. ഇദ്ദേഹത്തിനായി ഷോര്‍ട്ട് ലെഗിലും ലെഗ് ഗള്ളിയിലും പ്രത്യേകം ഫീല്‍ഡര്‍മാരെ ആരോണ്‍ ഫിഞ്ച് നിയോഗിച്ചു. രണ്ടുതവണയും ശ്രേയസിന്റെ ശരീരത്തേക്കാണ് ഓസ്ട്രേലിയ പന്തെറിഞ്ഞ് വിക്കറ്റെടുത്തത്. എന്തായാലും പരമ്പരയില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിട്ടില്ലെങ്കിലും ഓസ്ട്രേലിയന്‍ ക്യാംപ് തനിക്കെതിരെ പ്രത്യേകം ഗെയിം പ്ലാന്‍ ആവിഷ്‌കരിക്കുന്നു എന്ന കാര്യം വലിയ അംഗീകാരമാണെന്ന് താരം പറയുന്നു.

‘എന്നെ പുറത്താക്കാന്‍ അവര്‍ പ്രത്യേകം തന്ത്രം പയറ്റുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതൊരു വെല്ലുവിളിയായി ഞാനേറ്റെടുക്കും. സമ്മര്‍ദ്ദത്തില്‍ കളിക്കാനാണ് എനിക്ക് താത്പര്യം. അറ്റാക്കിങ് ഫീല്‍ഡാണ് എനിക്കെതിരെ ഓസ്ട്രേലിയ ഒരുക്കുന്നത്. ഇതൊരു അവസരമായി കണ്ട് കൂടുതല്‍ റണ്‍സടിക്കാന്‍ ഞാന്‍ ശ്രമിക്കും’, ശ്രേയസ് ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ 38 റണ്‍സാണ് ശ്രേയസ് അടിച്ചത്. മത്സരത്തിന്റെ ഒന്‍പതാം ഓവറില്‍ കടന്നെത്തിയ ശ്രേയസ് ക്രീസില്‍ കോഹ്ലിക്കൊപ്പം നിന്നുകളിച്ചിരുന്നു. ഷോര്‍ട്ട് ലെങ്തിലുള്ള പന്തുകള്‍ നേരിടുമ്പോള്‍ ലൈനിന് ഉള്ളില്‍ക്കയറി ഓഫ് സൈഡിലേക്ക് ഷോട്ടുകള്‍ കളിച്ചായിരുന്നു ശ്രേയസ് ഒരുപരിധിവരെ പിടിച്ചുനിന്നത്. ഇതിനിടെ ആദം സാംപയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും കടന്നാക്രമിച്ച് സ്‌കോര്‍ബോര്‍ഡും ശ്രേയസ് ചലിപ്പിച്ചു.

നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ശ്രേയസ് അയ്യര്‍. 2017 -ല്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം നാലാം ഇന്ത്യയുടെ നാലാം നമ്പര്‍ ആശയക്കുഴപ്പം ഏറെക്കുറെ പരിഹരിച്ച മട്ടാണ്.