ലങ്കന്‍ പര്യടനം, സൂപ്പര്‍ താരം ടീം ഇന്ത്യയില്‍ നിന്ന് പുറത്ത്

യുവനിരയുമായി ശ്രീലങ്കയെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ടീമിന്റെ നായകന്‍ വരെയാകാന്‍ സാധ്യതയുളള മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ ടീമില്‍ നിന്ന് പുറത്ത്. തോളിനേറ്റ പരിക്കില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം നിലവില്‍ വിശ്രമത്തിലുള്ള അയ്യര്‍ ജൂലൈ മാസത്തോടെ പൂര്‍ണ ഫിറ്റ്‌നസിലെത്തില്ലെന്ന് ഏറെ കുറെ ഉറപ്പായി.

ഇതോടെ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയ്്ക്കാന്‍ അവസരം ലഭിക്കുമെന്ന്് കരുതുന്ന ലങ്കന്‍ പര്യടനത്തില്‍ ശ്രേയസ് കളിച്ചേക്കില്ല. പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്‌പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാര്‍ത്തയാണിത്. ശ്രേയസ് ടീമിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അദ്ദേഹമായിരുന്നു ടീം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ യായിരുന്നു അയ്യര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ അയ്യര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലിലും കളിക്കാനായിരുന്നില്ല.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരുന്നു അയ്യര്‍. എന്നാല്‍ താരം പരിക്കേറ്റ് പുറത്തായതിനാല്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത്.

അതേ സമയം ശ്രേയസിന്റെ അഭാവത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയോ ശിഖര്‍ ധവാനോ ഇന്ത്യന്‍ നായകനായേക്കും. മലയാളി താരം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമെല്ലാം ടീമില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്.

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 19 തീയതികളില്‍ ഏകദിന പരമ്പരയിലെ മത്സരങ്ങളും, 22, 24, 27 തീയതികളില്‍ ടി20 പരമ്പരയിലെ മത്സരങ്ങളും നടക്കും.

You Might Also Like