സ്മിത്തിനെ കിട്ടിയത് ലോട്ടറി, അതും ഇത്രയും ചെറിയ തുകയ്ക്ക്, തുറന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്

ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ 2.2 കോടിയ്ക്ക് സ്വന്തമാക്കാനായത് തങ്ങളെ ഞെട്ടിച്ചെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത് ജിന്‍ഡാല്‍. സ്മിത്തിനെ ടീമിലെത്തിക്കാമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും ഒരു ശ്രമം മാത്രമെന്ന നിലയിലാണ് താരത്തിനായി ശ്രമിച്ചതെന്നും ഈ നേട്ടം ഞെട്ടിക്കുന്നതാണെന്നും ജിന്‍ഡാല്‍ പറഞ്ഞു.

‘സ്റ്റീവ് സ്മിത്തിനെ ലഭിച്ചു എന്നത് അതിശയിപ്പിക്കുന്നു. ലേലത്തിന് മുമ്പ് സ്മിത്തിന്റെ പേര് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതിലും ഉയര്‍ന്ന വിലയാണ് സ്മിത്തിനായി ഞങ്ങള്‍ പ്രതീക്ഷിച്ചത്. അവസരം ലഭിക്കുകയാണ് എങ്കില്‍ സ്വന്തമാക്കാം എന്നാണ് കരുതിയത്. സ്മിത്തിന്റെ വരവ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ത്രില്ലടിപ്പിക്കുന്നു. സ്മിത്തിന്റെ വരവ് തങ്ങളുടെ സ്‌ക്വാഡിന്റെ മൂല്യം പറഞ്ഞറിയിക്കാന്‍ ആകാത്ത വിധം ഉയര്‍ത്തി’ പാര്‍ത് ജിന്‍ഡാല്‍ പറഞ്ഞു.

ഐ.പി.എല്‍ താരലേലത്തിന് മുമ്പായി സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്യുകയായിരുന്നു. 2 കോടി രൂപയായിരുന്നു സ്മിത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ മോശം ഫോമിലായിരുന്ന സ്മിത്തിനെ സ്വന്തമാക്കാന്‍ മറ്റ് ടീമുകള്‍ താത്പര്യം കാട്ടിയില്ല. സ്മിത്തിനെ കൂടാതെ ടോം കറാനെ 5.25 കോടി രൂപയ്ക്കും, സാം ബില്ലിംഗ്‌സിനെ 2 കോടി രൂപയ്ക്കും ഡല്‍ഹി സ്വന്തമാക്കി.

ഡല്‍ഹി ലേലത്തില്‍ ടീമിലെത്തിച്ചവര്‍- ടോം കറാന്‍ (5.25 കോടി),സ്റ്റീവ് സ്മിത്ത് (2.2 കോടി),സാം ബില്ലിംഗ്‌സ് (2 കോടി), ഉമേഷ് യാദവ് (1 കോടി), റിപാല്‍ പട്ടേല്‍ (20 ലക്ഷം), വിഷ്ണു വിനോദ് (20 ലക്ഷം), ലുക്മാന്‍ ഹൊസൈന്‍ മെറിവാല (20 ലക്ഷം), എം സിദ്ധാര്‍ത്ഥ് (20 ലക്ഷം).

നിലനിര്‍ത്തിയവര്‍- ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍),അജിങ്ക്യ രഹാനെ, അമിത് മിശ്ര, ആവേഷ് ഖാന്‍, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, കഗിസോ റബാഡ, പൃത്ഥ്വി ഷാ, ആര്‍ അശ്വിന്‍, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ലളിത് യാദവ്, ആന്റിച്ച് നോക്കിയേ, പ്രവീന്‍ ദുബെ, ക്രിസ് വോക്‌സ്

You Might Also Like