ഞെട്ടിത്തരിച്ച് പാക് സൂപ്പര്‍ താരം, ഇത്രവലിയ ടീം ഇങ്ങനെ നിലംപതിയ്ക്കുമോ?

ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തില്‍ അമ്പരപ്പ് പരസ്യമായി പ്രകടിപ്പിച്ച് പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സാമുള്‍ ഹഖ്. ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും ഇത്ര വലിയൊരു ടീം എന്തിനാണ് ഇത്രയുമധികം സമ്മര്‍ദ്ദത്തോടെ കളിച്ചതെന്നും ഇന്‍സമാം ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലില്‍ മത്സരം വിലയിരുത്തി സംസാരിക്കുകയായിരുന്നു ഇന്‍സമാം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ മല്‍സരമായിരുന്നു ഇത്. ഓസ്ട്രേലിയ- ഇംഗ്ലണ്ട് മല്‍സരത്തേക്കാള്‍ വലുതായിരുന്നു ഇത്. ഇന്ത്യന്‍ ടീം കളിച്ച രീതി എന്നെ ശരിക്കും ഞെട്ടിച്ചു. അവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇത്ര വലിയൊരു ടീം എന്തിനാണ് ഇത്രയുമധികം സമ്മര്‍ദ്ദത്തോടെ കളിച്ചതെന്നു മനസ്സിലാവുന്നില്ല’ ഇന്‍സമാം പറഞ്ഞു.
ന്യൂസിലാന്‍ഡ് സ്പിന്നര്‍മാര്‍ മിടുക്കരാണ്, പക്ഷെ അവര്‍ ലോകോത്തര ബൗളര്‍മാരാണെന്നു പറയാന്‍ കഴിയില്ല. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അവര്‍ക്കെതിരേ സിംഗിളെടുക്കാന്‍ പോലും പലപ്പോഴും സാധിച്ചില്ല. സ്പിന്നിനെതിരേ നന്നായി കളിയ്ക്കുകയെന്നത് കോഹ്ലിയുടെ കരുത്തായിരുന്നു. പക്ഷെ അദ്ദേഹം പോലും സിംഗിളെടുക്കാനാവാതെ വിഷമിച്ചു’ ഇന്‍സമാം കൂട്ടിചേര്‍ത്തു.
മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് മറികടന്നത്.