ജാതിയും മതവും നോക്കാതെ ടീം ഇന്ത്യ താരങ്ങളെ തിരഞ്ഞെടുക്കുന്നു, കയ്യടിച്ച് ഇതിഹാസം
ജാതിയും മതവും വര്‍ണവും നോക്കാതെ ടീം ഇന്ത്യ താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ പാക് പേസിംഗ് ഇതിഹാസം ഷുഹൈബ് അക്തര്‍. പരമ്പര പുരോഗമിക്കുന്നതിനിടെ പിതാവിനെ നഷ്ടമായ യുവ പേസ് ബോളര്‍ മുഹമ്മദ് സിറാജിന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയ പിന്തുണ ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ അഭിനന്ദനം. അഡ്ലെയ്ഡ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിയില്‍നിന്ന് ശക്തമായ തിരിച്ചുവരവു നടത്താന്‍ ടീം ഇന്ത്യയെ സഹായിച്ച പകരക്കാരന്‍ ക്യാപ്റ്റന്‍ല അജിന്‍ക്യ രഹാനെയെയും അക്തര്‍ പുകഴ്ത്തി.
‘പെട്ടെന്നൊരു നിമിഷം കളത്തില്‍ രൂപപ്പെടുന്ന ഒന്നല്ല ഒരു ടീം. ഡ്രസിങ് റൂമിലാണ് യഥാര്‍ഥ ടീം രൂപപ്പെടുന്നത്. ഓസ്‌ട്രേലിയയ്ക്കെതിരെ വെറും 36 റണ്‍സിന് ഓള്‍ഔട്ടായി നിരാശയിലാഴ്ന്ന ഒരു ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ബുദ്ധിമുട്ട് എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. ഇന്ത്യയുടെ ഈ തിരിച്ചുവരവില്‍ ഡ്രസിങ് റൂമിലെ മികച്ച അന്തരീക്ഷവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് തീര്‍ച്ച’ അക്തര്‍ പറഞ്ഞു.
‘രണ്ടാം ടെസ്റ്റില്‍ രഹാനെ പുറത്തെടുത്ത പോരാട്ടവീര്യം നമ്മള്‍ കണ്ടു. ബാറ്റുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ബാറ്റും ബോളും തമ്മിലായിരുന്നു മത്സരം. വിരാട് കോലി, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ ടീമിലുണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം. രോഹിത് ശര്‍മയും ഉണ്ടായിരുന്നില്ല. ഒരര്‍ഥത്തില്‍ യഥാര്‍ഥ ഇന്ത്യന്‍ ടീമിന്റെ പാതി മാത്രമേ കളത്തിലുണ്ടായിരുന്നുള്ളൂ’ അക്തര്‍ പറഞ്ഞു.
‘രഹാനെയുടെ ക്യാപ്റ്റന്‍സിയും വളരെ മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ ബോളിങ് മാറ്റങ്ങളും ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതിയുമൊക്കെ ഉജ്വലം. അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജിനെ ഉപയോഗിച്ച രീതിയും കൊള്ളാം. പിതാവിന്റെ മരണത്തിനുശേഷം അധികം വൈകാതെ കളത്തിലിറങ്ങുന്നത് എത്ര ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് നമുക്കറിയാം. സഹതാരങ്ങളില്‍നിന്ന് സിറാജിന് ഉറച്ച പിന്തുണ ലഭിച്ചു എന്നതാണ് വാസ്തവം. ഡ്രസിങ് റൂമില്‍ താരങ്ങളില്‍ ഇന്ത്യ പുലര്‍ത്തുന്ന വിശ്വാസം കൂടിയാണ് ഇതു കാണിച്ചുതരുന്നത്. അവിടെ മതമോ ജാതിയോ വര്‍ണമോ പ്രശ്‌നമല്ല’ അക്തര്‍ പറഞ്ഞു