സഞ്ജു അടക്കം കാത്തിരിക്കുന്നുണ്ട്, ധവാനെ പുറത്താക്കിയ വിവരം അദ്ദേഹത്തെ അറിയിച്ച് ദ്രാവിഡ്

മുതിര്‍ന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം പ്രഖ്യാപനത്തിന് മുമ്പേ തന്നെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചിരുന്നതായി മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്‌പോട്‌സ് ആണ് പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ബിസിസിഐ ഉദോഗസ്ഥനെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി മുന്‍നിര താരങ്ങള്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നതാണ് ധാവാനെ പരിഗണിക്കാതിരിക്കാന്‍ കാരണമെന്നും അദ്ദേഹത്തോട് ദ്രാവിഡ് വിശദീകരിച്ചു.

’10 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റിനായി ഏറ്റവും മികച്ച സേവനം ചെയ്യുന്ന താരങ്ങളില്‍ ഒരാളാണു ധവാന്‍. പക്ഷേ, ട്വന്റി20 മത്സരങ്ങളില്‍ നന്നായി കളിക്കുന്ന യുവ താരങ്ങള്‍ക്കു കൂടി അവസരം നല്‍കേണ്ടതുണ്ട്. ബുദ്ധിമുട്ടേറിയ ആ തീരുമാനം രാഹുല്‍ ദ്രാവിഡിനു കൈക്കൊള്ളേണ്ടിവന്നു. ഞങ്ങള്‍ എല്ലാവരും അതിനു സമ്മതവും മൂളി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5 ട്വന്റി20 മത്സര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ ഇക്കാര്യം രാഹുല്‍ ദ്രാവിഡ് ധവാനെ അറിയിക്കുകയും ചെയ്തിരുന്നു’ ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേ സമയം ഇന്ത്യന്‍ മുന്‍നിരയിലെ സ്ഥാനം കാത്തിരിക്കുന്ന ഒട്ടേറെ താരങ്ങള്‍ ഉണ്ടെന്നും ടീം സ്ഥാനം ലഭിക്കുന്നതില്‍ ധവാനു തിരിച്ചടിയായത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാര്യങ്ങള്‍ വളരെ ലളിതമാണ്. റിതുരാജ് ഗെയ്ക്വാദ്, ഇഷന്‍ കിഷന്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പുറമേ സഞ്ജു സാംസണ്‍ അടക്കമുള്ള ഒട്ടേറെ താരങ്ങള്‍. ഇവരൊക്കെയുള്ളപ്പോള്‍ ധവാന്റെ കാര്യം ബുദ്ധിമുട്ടാണ്’ ഉദ്ദ്യോഗസ്ഥാന്‍ വെട്ടിത്തുറന്ന് പറഞ്ഞു.

‘തനിക്കു വേണ്ടതെന്താണ് എന്ന കാര്യത്തില്‍ രാഹുല്‍ ദ്രാവിഡിന് വ്യക്തതയുമുണ്ട്. ധവാനോടു ഞങ്ങള്‍ക്കു തികഞ്ഞ ബഹുമാനമാണ്. അതുകൊണ്ടുതന്നെയാണു ടീമിന്റെ ട്വന്റി20 പദ്ധതികളില്‍ ധവാന്‍ ഇനി ഉണ്ടാകില്ലെന്ന് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അറിയിച്ചത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനമാണ് ധവാന്‍ കാഴ്ച്ചവെച്ചത്. 14 കളിയില്‍ 460 റണ്‍സെടുത്ത ധവാന്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ 4ാം സ്ഥാനത്താണ്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ കുറിച്ച ധവാന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 88 റണ്‍സാണ്.

You Might Also Like