ക്ലോപ്പും ഗാർഡിയോളയും വെറും സ്വാർത്ഥന്മാർ, വിമർശനവുമായി ഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ

കോവിഡ് മൂലമുണ്ടായ തിരക്കേറിയ മത്സരഷെഡ്യൂളുകളെ ചൂണ്ടിക്കാണിച്ചു ലിവർപൂൾ പരിശീലകൻ ജർഗെൻ ക്ലോപ്പും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്‌ ഗാർഡിയോളയും പ്രീമിയർലീഗിനു പരാതിയുമായി രംഗത്തെത്തിയിരുന്നു. പകരക്കാരായി അഞ്ചു കളിക്കാരെ ഉപയോഗിക്കുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്നാണ് ഇരുവരുടെയും ആവശ്യം. കോവിഡ് മൂലം താരങ്ങളെ നഷ്ടപ്പെടുന്നതും തിരക്കേറിയ മത്സരഷെഡ്യൂൾ മൂലം താരങ്ങൾക്ക് പരിക്കേൽക്കുന്നതും ചൂണ്ടിക്കാണിച്ചാണ് പ്രീമിയർ ലീഗിനോട് പരാതിപ്പെട്ടത്.

എന്നാൽ ഈ നീക്കത്തിനെതിരെ നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളും വോട്ട് ചെയ്തിരുന്നു. എന്നാൽ ക്ളോപ്പിന്റെയും പെപ്പിന്റെയും സ്വാർത്ഥ താത്പര്യങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെഫീൽഡ് യുണൈറ്റഡ് പരിശീലകനായ ക്രിസ്‌ വൈൽഡർ. ഇംഗ്ലണ്ടിനെയോ ഷെഫീൽഡ് യുണൈറ്റഡിനെക്കുറിച്ചോ അവർ മാനിക്കുന്നില്ലെന്നില്ലെന്നും അവർക്ക് അവരുടെ ക്ലബ്ബിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെന്നും വൈൽഡർ വിമർശിച്ചു.

“സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹം (ക്ളോപ്പ്‌) തന്റെ ക്ലബ്ബിനെയാണ് പരിപാലിക്കാൻ ശ്രമിക്കുന്നത്. എനിക്കു ഇത്തരം മികച്ച മാനേജർമാരോട് വലിയ ബഹുമാനമാണുള്ളത്. കാരണം നല്ല ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒപ്പം കിരീടങ്ങൾ നേടുന്നുമുണ്ട്. പക്ഷെ അവരെല്ലാം സ്വാർത്ഥന്മാരാണ്. അവർക്കെല്ലാം അവരുടെ ക്ലബ്ബിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. അവർക്ക് ഷെഫീൽഡ് യുണൈറ്റഡിന്റെയോ അല്ലെങ്കിൽ ഇംഗ്ലണ്ടിന്റെയോ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല.”

അവർക്ക് ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി,ചെൽസി എന്നിവരെക്കുറിച്ച് വേവലാതിപ്പെട്ടാൽ മതിയാകും. അതിനെ ഞാൻ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞാനെപ്പോഴും ഒരു പോലെയായിരിക്കും. എനിക്കു ഷെഫീൽഡ് യുണൈറ്റഡിനെക്കുറിച്ച് വേവലാതികളുണ്ട്. അഞ്ചു പകരക്കാരെന്നത് ഞങ്ങളെ സഹായിക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല. 250000 യൂറോ ആഴ്ചയിൽ വാങ്ങുന്ന താരത്തിനു 18 അംഗ സ്‌ക്വാഡിൽ കളിക്കാൻ സാധിക്കുന്നില്ലെന്നു പരാതിപ്പെടുന്നത് സാധാരമനുഷ്യർക്ക് സഹതാപമുണ്ടാക്കുമെന്ന് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് അസംബന്ധമാണ്.

You Might Also Like