വിഗ്‌നേഷിനെ ‘കണ്ടെത്തിയ’ ഷരീഫ് ഉസ്താദ്, ഇതാണ് കേരള സ്റ്റോറി

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച മലപ്പുറം പെരിന്തല്‍മണ്ണയുടെ വിഗ്‌നേഷ് പുത്തൂരിനെ ക്രിക്കറ്റ് മൈതാനത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നവരില്‍ പ്രധാനിയാണ് ഷരീഫ് ഉസ്താദ്. മതപരമായ കാര്യങ്ങള്‍ നോക്കുന്ന ഷരീഫ് ഉസ്താദ് ഒരു മികച്ച കളിക്കാരന്‍ കൂടിയായിരുന്നു. വിഗ്‌നേഷ് ഐ.പി.എല്ലില്‍ എത്തിയതിനെപ്പറ്റി ഷരീഫ് പറയുന്നതിങ്ങനെ:
‘ഞാനും പണ്ട് അത്യാവശ്യം ക്രിക്കറ്റ് കളിച്ചിരുന്നു. അതുകൊണ്ട് തന്നെ കളിയെ കാര്യമായി സമീപിക്കുകയും വിജയന്‍ സാറിന്റെ ക്യാമ്പില്‍ പോവുകയും ചെയ്തിട്ടുണ്ട്. അവിടെ നിന്നും ലഭിച്ച അറിവുകള്‍ നാട്ടിലെ കളിക്കാര്‍ക്കും ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അവിടെ കളിക്കാന്‍ വന്നതായിരുന്നു വിഗ്‌നേഷ്. അവന്‍ മറ്റുള്ളവരില്‍ നിന്നും ഒരുപാട് വ്യത്യസ്തനായിരുന്നു. ആരും പഠിപ്പിക്കാതെ തന്നെ അവനില്‍ ക്രിക്കറ്റിന്റെ സ്വാഭാവികമായ കഴിവുകള്‍ ഉണ്ടായിരുന്നു.
ഗ്രൗണ്ടിലെ കളി കൂടാതെ വീടിനടുത്തുള്ള റോഡില്‍വെച്ചും ഞങ്ങള്‍ ഒരുമിച്ച് പ്രാക്ടീസ് ചെയ്യുമായിരുന്നു. വിഗ്‌നേഷിന്റെ കളി കണ്ടപ്പോള്‍ അവന്‍ ഗ്രൗണ്ടില്‍ കളിക്കേണ്ടവനല്ല, നല്ലൊരു ക്യാമ്പില്‍ പരിശീലനം നടത്തേണ്ടവനാണെന്ന് എനിക്ക് തോന്നി. അത് ഞാന്‍ വിജയന്‍ സാറിനോട് പറയുകയും വീട്ടുകാരുമായി സംസാരിച്ച് വിഗ്‌നേഷിനെ ക്യാമ്പിലേക്ക് എത്തിക്കുകയും ചെയ്തു. ആദ്യമൊക്കെ അവന്‍ മീഡിയം പേസ് ബൗളര്‍ ആയിരുന്നു. ലെഗ് സ്പിന്‍ എറിയാന്‍ പഠിച്ചാല്‍ അത് അവന് ഗുണം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു കൊടുത്തു. അത്തരത്തിലുള്ളവര്‍ വളരെ കുറവാണ്. ഞാന്‍ പറഞ്ഞു കൊടുത്തത് അവന്‍ വളരെ മനോഹരമായി ചെയ്തു. പിന്നീട് വിജയന്‍ സാര്‍ അവനെ ഒരുപാട് സഹായിച്ചു. ഞാന്‍ അണ്ടര്‍ 19 വരെ കളിച്ചിട്ടുണ്ട്. അതിനുശേഷം ക്രിക്കറ്റ് കരിയര്‍ ആയി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ വിഗ്‌നേഷിന് നല്ല കഴിവുള്ളതുകൊണ്ട് അവന്‍ ട്രാക്കിലേക്ക് കയറി. ‘
റമദാനുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ കാരണം വിഗ്‌നേഷിന്റെ ഐപിഎല്‍ മത്സരം കാണാന്‍ ഷരീഫ് ഉസ്താദിന് സാധിച്ചിട്ടില്ല. തിരക്കുകള്‍ ഒഴിഞ്ഞാല്‍ തീര്‍ച്ചയായും സുഹൃത്തിന്റെ കളി കാണാന്‍ പോകുമെന്ന് അദ്ദേഹം അറിയിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് മലപ്പുറം പെരിന്തല്‍മണ്ണക്കാരനായ വിഗ്‌നേഷ് പുത്തൂര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. ആ കളിയില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിലപ്പെട്ട വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് വിഗ്‌നേഷ് വീഴ്ത്തിയത്.
Article Summary
The story of Vignesh Puthur, Mumbai Indians' rising star from Malappuram, is incomplete without mentioning Sharif Usthad, the man who first guided him towards cricket. Sharif, a religious leader, was also a talented cricketer himself. He recounts the tale of Vignesh's entry into the sport
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.