വെടിക്കെട്ടിന്റെ പര്യായമായി താക്കൂര്‍, മുംബൈയ്ക്ക് കൂറ്റന്‍ ജയം

Image 3
CricketTeam India

വിജയ് ഹസാര ട്രോഫിയില്‍ ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കൂറിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ മുംബൈയ്ക്കായാണ് ശാര്‍ദുല്‍ വെടിക്കെട്ട് തീര്‍ത്തത്. 57 പന്തുകളില്‍ ആറ് പടുകൂറ്റന്‍ സിക്‌സിന്റെ സഹായത്തോടെ 92 റണ്‍സാണ് താക്കൂര്‍ അടിച്ചെടുത്തത്.

മത്സരത്തില്‍ മുംബൈ 200 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ഹിമാചലിന്റെ പോരാട്ടം വെറും 24.1 ഓവറില്‍ 121 റണ്‍സില്‍ അവസാനിപ്പു.

148 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ മുംബൈയെ ശാര്‍ദുല്‍ വെടിക്കെട്ട് ബാറ്റിങിലൂടെ കരകയറ്റുകയായിരുന്നു. 75 പന്തില്‍ 91 റണ്‍സുമായി സൂര്യകുമാര്‍ യാദവും 98 പന്തില്‍ 83 റണ്‍സുമായി ആദിത്യ താരെയും ശാര്‍ദുലിന് മികച്ച പിന്തുണ നല്‍കി. ലിസ്റ്റ് എ ക്രിക്കറ്റിലെ ശാര്‍ദുലിന്റെ കന്നി അര്‍ധ സെഞ്ച്വറി കൂടിയാണ് ഇത്.

നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശാര്‍ദുല്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചത് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സഹായകരമായിരുന്നു. പിന്നാലെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ബാറ്റിംഗ് ഔള്‍റൗണ്ടറായി ശാര്‍ദുല്‍ ഗിയര്‍ മാറ്റിയിരിക്കുന്നത്.