ഷക്കീരിയുടെ ആ അത്ഭുത ഗോൾ പാഴായോ? പരിശോധിക്കാം

തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് പോയിന്റ് നിലയിൽ വെയിൽസിനൊപ്പം എത്താനായെങ്കിലും ഗോൾ ആവറേജിൽ പിന്നിൽ പോയ സ്വിറ്‌സർലണ്ടിന് പ്രീ ക്വർട്ടർ ബർത്ത് ഉറപ്പിക്കാനായിട്ടില്ല. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായി ഇറ്റലിയും, രണ്ടാംസ്ഥാനക്കാരായി വെയിൽസും പ്രീ ക്വർട്ടർ ബർത്ത് നേടി. 

ടൂർണമെന്റിന്റെ ഗോളുകളായി മാറാൻ എന്തുകൊണ്ടും യോഗ്യതയുള്ള രണ്ട് മനോഹരമായ ഗോളുകളോടെ സൂപ്പർതാരം ഷാക്കീരി കളം നിറഞ്ഞപ്പോൾ തുർക്കിക്ക് മറുപടിയുണ്ടായിരുന്നില്ല. തുടർച്ചയായ സ്വിസ് ആക്രമണങ്ങൾക്ക് ആറാം മിനിറ്റിൽ തന്നെ പ്രതിഫലം ലഭിച്ചു. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നും സെഫറോവിച് തൊടുത്ത ഷോട്ട് തുർക്കിയുടെ വലതുളച്ചു. 

ഇരുപത്തിയാറാം മിനിറ്റിലാണ് ഷാക്കീരിയുടെ ആദ്യ ഗോൾ പിറന്നത്. ബോകിസിന് പുറത്തുനിന്നും വലതു കാലുകൊണ്ട് തൊടുത്തുവിട്ട സുന്ദരമായ മഴവിൽ കിക്ക് തുർക്കിവലയിലേക്ക്. 

സെക്കൻഡ് ഹാഫിന്റെ 62ആം മിനിറ്റിൽ തുർക്കിയുടെ മറുപടി ഗോൾ വന്നെങ്കിലും ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല. മിനിറ്റുകൾക്കകം ടൂർണമെന്റിലെ ആ അത്ഭുത ഗോൾ പിറന്നു. മികച്ച മെയ്‌വഴക്കത്തോടെ ഷക്കീരി തൊടുത്ത ബൈസിക്കിൾ കിക്ക് തുർക്കിയുടെ പ്രതിരോധം ഭേദിച്ചു വലയിൽ പതിച്ചു. 

എന്നാൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ ഷക്കീരിയുടെ അസാമാന്യപ്രകടനം മാത്രം പോരായിരുന്നു. ഗ്രൂപ്പ് എയിൽ മുഴുവൻ പോയിന്റുകളും നേടി ഇറ്റലി ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ നാലു പോയിന്റുകൾ വീതമുള്ള വെയിൽസും, സ്വിസ് പടയും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളിലാണ്.

ഇരു ടീമുകളും കളിച്ചപ്പോൾ സമനിലയായിരുന്നതിനാൽ ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിലാണ് വെയിൽസ് രണ്ടാമതെത്തിയത്. എന്നാൽ സ്വിസ്സ് പടയുടെ പ്രതീക്ഷകൾ അസ്തമിച്ചിട്ടൊന്നുമില്ല. ഭാഗ്യമുണ്ടെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരായി ഷക്കീരിക്കും കൂട്ടർക്കും പ്രീ ക്വാർട്ടർ കടക്കാം.

നാലുടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരായ 12 ടീമുകൾ സ്വാഭാവികമായി പ്രീ ക്വാർട്ടർ ബർത്ത് നേടും. ശേഷിക്കുന്ന നാല് സ്ഥാനങ്ങളിൽ മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കായിരിക്കും സ്ഥാനം. 

You Might Also Like