ആദ്യ ടെസ്റ്റില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും ഇശാന്ത് ശര്‍മയും കളിച്ചേക്കില്ലെന്ന്് റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പരിക്കിനെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇരുവരും നിരീക്ഷണത്തിലാണ്.

ഇരുവരും ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുന്ന സാഹചര്യത്തില്‍ രോഹിത്തിന്റെ കൂടി അഭാവം ടീം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവും.

നാലഞ്ച് ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ എത്തിയില്ലെങ്കില്‍ ഇരുവരും ടെസ്റ്റ് കളിക്കുന്ന കാര്യം ദുഷ്‌കരമാകുമെന്ന് പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ‘റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍ ഇരുവരും നാലഞ്ച് ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ എത്തേണ്ടതുണ്ട്.

പരിക്ക് മാറാന്‍ എത്ര ദിവസം വിശ്രമമാണ് താരങ്ങള്‍ക്ക് വേണ്ടത് എന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി തീരുമാനിക്കും. കൂടുതല്‍ സമയം കാത്തിരിക്കാന്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. പരമ്പരയ്ക്ക് മുമ്പ് 14 ദിവസത്തെ നിര്‍ബന്ധിതക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് ഓസ്‌ട്രേലിയയില്‍ എത്തുക പ്രായോഗികമല്ല.” എന്നും ശാസ്ത്രി പറഞ്ഞു.]

ഇതിനിടെയാണ് ഈ വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഡിസംബര്‍ 11ന് തുടങ്ങുന്ന ത്രിദിന പരിശീലന മത്സരത്തില്‍ കളിക്കണമെങ്കില്‍ ഇരുവരും നവംബര്‍ 26നെങ്കിലും അവിടെത്തണം. 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കാനാണിത്. അഡ്‌ലെയ്ഡില്‍ ഡിസംബര്‍ 17ന് പകലും രാത്രിയുമായുള്ള മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

You Might Also Like