ലാലിഗയില്‍ കളിച്ച ഇന്ത്യന്‍ സൂപ്പര്‍ താരം മടങ്ങിവരുന്നു, സ്വന്തമാക്കാന്‍ 3 ഐഎസ്എല്‍ ക്ലബുകള്‍

സ്പാനിഷ് മൂന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിത നാട്ടിലേക്ക് തിരികെവരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇഷാനെ സ്വന്തമാക്കാന്‍ മൂന്ന് ഐഎസ്എല്‍ ക്ലബുകള്‍ നീക്കം നടത്തുന്നതായും ഉടന്‍ തന്നെ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുമെന്നും മാര്‍ക്കസ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നിലവില്‍ സ്പാനിഷ് സെഗുണ്ട ബി ക്ലബ് റേസി മുര്‍സിയ എഫ്സിയിലാണ് ഇഷാന്‍ കളിക്കുന്നത്. മറ്റൊരു സ്പാനിഷ് ലാലിഗ ക്ലബ് ലോര്‍സ എഫ്സിയില്‍ നിന്നാണ് ബംഗളൂരു സ്വദേശിയായ ഇഷാന്‍ രണ്ട് മാസം മുമ്പ് റേസി മുര്‍സിയയിലേക്ക് കൂറുമാറിയത്.

നേരത്തെ ഈസ്റ്റ് ബംഗാളിലേക്ക് വരാന്‍ ഇഷാന്‍ തയ്യാറെടുത്തങ്കിലും ക്ലബിന്റെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്തം കാരണം സ്പെയിനില്‍ തന്നെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്ക് പകരക്കാരന്‍ എന്ന് വിലയിരുത്തപ്പെടുന്ന ഈ സ്ട്രൈക്കര്‍ കരിയറില്‍ മുഴുവന്‍ പന്ത് തട്ടിയതും സ്പാനിഷ് ക്ലബുകളിലായി.

മൂന്നു വര്‍ഷം ഇന്റര്‍ സോക്കര്‍ മാഡ്രിഡ് ഫുട്ബോള്‍ അക്കാദമി ഉള്‍പ്പടെ സ്പെയിനിലെ വിവിധ ക്ലബുകളുടെ യുവ ടീമുകളില്‍ പരിശീലനം നടത്തിയ താരമാണ് 22കാരനായ ഇഷാന്‍. 2015ല്‍ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബായ യു ഡി അല്‍മീരയില്‍ എത്തിയതോടെയായിരുന്നു ഈ ഇന്ത്യന്‍ താരം ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്.

യു ഡി അല്‍മീരയില്‍ നിന്ന് മുന്‍ സ്പാനിഷ് ഒന്നാം ഡിവിഷന്‍ ക്ലബായ ഗെറ്റാഫയിലും ഇഷാന്‍ കളിച്ചിരുന്നു. ലാലിഗയില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഈ 22കാരന്‍ സ്വന്തമാക്കിയിരുന്നു.

You Might Also Like