മാച്ച് ഫിക്‌സിംഗ്, പൊട്ടിത്തെറിച്ച് പാക് നായകന്‍
പാക് ടീമിനുള്ളില്‍ മാച്ച് ഫിക്‌സിംഗ് നടക്കുന്ന എന്ന ആരോപണങ്ങള്‍ നിഷേധിച്ച് പാകിസ്ഥാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാന്‍ മസൂദ്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വാര്‍ത്ത സമ്മേളനത്തിനലാണ് ഷാന്‍ മസൂദ് ഇക്കാര്യം നിഷേധിച്ചത്.
ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിനുശേഷം പാകിസ്ഥാന്‍ ടീമിനുള്ളില്‍ ഗ്രൂപ്പിസം നിലനില്‍ക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒളിംപിക്‌സില്‍ അര്‍ഷദ് നദീമിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ മസൂദിനോട്, മാച്ച് ഫിക്‌സിംഗിനേക്കാള്‍ രാജ്യത്തിന് അഭിമാനം നേടിക്കൊടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ടീമിനോട് എന്ത് സന്ദേശമാണ് നല്‍കുക എന്ന ചോദ്യം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിക്കപ്പെട്ടു.
ഇതിന് മറുപടിയായി, നിലവിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ആരുടെയും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ലോകകപ്പ് പരാജയം മറന്ന് മുന്നോട്ട് നോക്കേണ്ട സമയമാണിതെന്നും മസൂദ് പറഞ്ഞു. ഓരോ കളിക്കാരനും പാകിസ്ഥാന് വേണ്ടി വിജയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
അര്‍ഷദ് നദീമിനെ ഒരു ദേശീയ ഹീറോയായി പ്രകീര്‍ത്തിച്ച മസൂദ്, അദ്ദേഹത്തെപ്പോലെ തങ്ങളും പാകിസ്ഥാന്‍ ജനതയുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞു.
ബംഗ്ലാദേശ് ടീം നേരത്തെ പാക്കിസ്ഥാനിലെത്തും
ബുധനാഴ്ച, ഓഗസ്റ്റ് 21 ന് റാവല്‍പിണ്ടിയില്‍ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടുക. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) 17 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഷഹീന്‍ അഫ്രീദിക്ക് പകരം സൗദ് ഷക്കീലിനെ പുതിയ ടെസ്റ്റ് വൈസ് ക്യാപ്റ്റനായി ഉയര്‍ത്തി. നസീം ഷായും മുഹമ്മദ് അലിയും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി.
അതേസമയം, ബംഗ്ലാദേശ് ടീം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി നാല് ദിവസം മുന്‍കൂട്ടി പാക്കിസ്ഥാനിലെത്തും.