റിവ്യൂവില്‍ കേമനായി കോഹ്ലി, ബെയ്‌സ്‌റ്റോയുടെ വിക്കറ്റ് പിടിച്ചുവാങ്ങി

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പേസര്‍മാര്‍ക്കായി ഒരുക്കിയ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ഭുംറയും ഷമിയും താക്കൂറും സിറാജുമെല്ലാം തകര്‍ത്താടുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ വെറും 183 റണ്‍സിന് പുറത്താകുകയും ചെയ്തു.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിളിച്ച മൂന്ന് റിവ്യൂകളില്‍ രണ്ടെണ്ണവും ഇന്ത്യയ്ക്ക് അനുകൂലമായി. നേരത്തെ ഡിആര്‍എസ് എടുക്കുന്നതില്‍ കോഹ്ലിയ്ക്കുണ്ടായ സൂക്ഷമതക്കുറവ് പരിഹരിക്കുന്നതായിരുന്നു ഈ മത്സരത്തില്‍ കോഹ്ലിയുടെ പ്രകടനം.

ഇതില്‍ ഡിആര്‍എസിലൂടെ ഇംഗ്ലീഷ് താരം ബെയ്‌സ്റ്റോയെ വീഴ്ത്തിയത് കോഹ്ലിയുടെ തൊപ്പിയിലെ ഒരു പൊന്‍തൂവലായി മാറി. ഇംഗ്ലണ്ട് ബാറ്റിംഗിന്റെ 50ാം ഓവറിലെ രണ്ടാമത്തെ പന്തിലാണ് ഷമിയ്ക്ക് ബെയ്‌സ്റ്റോ വിക്കറ്റ് സമ്മാനിച്ചത്.

നിലയുറപ്പിക്കാന്‍ ശ്രമിച്ച താരത്തെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു ഷമി. എന്നാല്‍ വിക്കറ്റ് അനുവദിക്കാന്‍ ഫീല്‍ഡ് അമ്പയര്‍ തയ്യാറായില്ല. അവിടെയാണ് ഷമിയുമായി കൂടിയാലോചിച്ച് കോഹ്ലി റിവ്യൂവിന് പോയത്. കോഹ്ലിയുടെ പ്രതീക്ഷ തെറ്റിയില്ല 71 പന്തില്‍ നാല് ഫോറടക്കം 29 റണ്‍സുമായി നിലയുറപ്പിച്ച താരം പുറത്താണെന്ന് മൂന്നാം അമ്പയര്‍ വിധിച്ചു. മത്സരത്തിലെ നിര്‍ണ്ണായക വിക്കറ്റായിരുന്നു ഇത്.

You Might Also Like